47 വര്‍ഷമായി മലയാളസിനിമയുടെ നെടുന്തൂണായി നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. നടനായും താരമായും സിനിമാലോകത്തെ വിസ്മയിപ്പിക്കാന്‍ ഇക്കാലയളവില്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാനും മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ഒന്നുപോലും ബാക്കിവെക്കാതെ തകര്‍ത്ത് മുന്നേറുകയാണ്.
ഇതിനോടകം 250 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. മലയാളത്തിലെ പല ബോക്‌സ് ഓഫീസ് റെക്കോഡുകളും ആദ്യം പിറന്നത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന കിലുക്കമായിരുന്നു.
പിന്നീട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നേടിയ നിരസിംഹം ബോക്‌സ് ഓഫീസില്‍ നിന്ന് 20 കോടിയായിരുന്നു നേടിയത്. 2000ല്‍, അന്നത്തെ ടിക്കറ്റ് റേറ്റ് വെച്ച് ഇത്രയും കളക്ഷന്‍ നേടിയത് വലിയ കാര്യം തന്നെയാണ്. നരസിംഹത്തിന്റെ റെക്കോഡ് അഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടി നായകനായ രാജമാണിക്യം തകര്‍ത്തിരുന്നു. 25 കോടിയാണ് രാജമാണിക്യം സ്വന്തമാക്കിയത്.
എട്ട് വര്‍ഷത്തോളം മമ്മൂട്ടി കൈക്കലാക്കിയ റെക്കോഡ് മോഹന്‍ലാല്‍ വെറുമൊരു ഫാമിലി ത്രില്ലര്‍ കൊണ്ട് തകര്‍ത്തു. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷന്‍ നേടിയ ചിത്രമായി മാറി. ബോക്‌സ് ഓഫീസ് കളക്ഷന് പുറമെ മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി ദൃശ്യം മാറി. രാജമാണിക്യത്തിന്റെ കളക്ഷന്‍ ഡബിള്‍ മാര്‍ജിനിലാണ് ദൃശ്യം തകര്‍ത്തത്.
ദൃശ്യത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രം തന്നെ വേണ്ടിവന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്‍ മലയാളക്കര കണ്ട ഏറ്റവും വലിയ വിജയമായി മാറി. കേരളത്തില്‍ ഗ്രൗണ്ട് ലെവലില്‍ പുലിമുരുകനോളം ഹിറ്റായ മറ്റൊരു സിനിമയും പിന്നീട് വന്നിട്ടില്ല. മലയാളത്തിലെ ആദ്യ 100 കോടിയും 150 കോടിയും പുലിമുരുകനിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കി. ഇന്ത്യയില്‍ പലയിടത്തും ബാഹുബലി 2 ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ കേരളത്തില്‍ മാത്രം പുലിമുരുകനോട് പരാജയപ്പെടേണ്ടി വന്നു.
ഏഴ് വര്‍ഷത്തോളം പലരും കിണഞ്ഞു പരിശ്രമിച്ചിട്ടും വീഴാത്ത പുലിമുരുകന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന്റെ റെക്കോഡ് 2023ല്‍ തകര്‍ന്നു. കേരളജനത നേരിച്ച മഹാപ്രളയത്തെ ആസ്പദമാക്കി വന്ന 2018 പുലിമുരുകനെ വീഴ്ത്തി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.
എന്നാല്‍ കണക്കുകള്‍ ബാക്കിവെക്കുന്ന ശീലമില്ലാത്ത മോഹന്‍ലാല്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെയും 2018നെയും തകര്‍ത്ത് മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസ്സറും ഇന്‍ഡസ്ട്രി ഹിറ്റുമായി എമ്പുരാന്‍ മാറി. ഇത് മാത്രമല്ല, ഓവര്‍സീസില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാളചിത്രമെന്ന നേട്ടവും എമ്പുരാന്‍ സ്വന്തമാക്കി. കേരള ബോക്‌സ് ഓഫീസിന്റെ ഒരേയൊരു രാജാവ് എന്ന് മോഹന്‍ലാലിനെ വിളിച്ചാലും അതില്‍ അതിശയിക്കാനില്ല.
Content Highlight: Empuraan becomes the first Malayalam movie to cross 250 crore