Advertisement
Kerala
കളക്ടറുടെ ഉത്തരവില്‍ വിശദമായ അന്വേഷണം നടത്തും, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുക തന്നെ ചെയ്യും: ഇ. ചന്ദ്രശേഖരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 19, 12:59 pm
Monday, 19th March 2018, 6:29 pm

തിരുവനന്തപുരം: ഭൂമി അനധികൃതമായി കൈയടക്കിയ കൈയേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച സ്ഥലം അയാള്‍ക്കു തന്നെ തിരിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. അതേസമയം കളക്ടറുടെ ഉത്തരവ് നേരത്തേ സ്റ്റേ ചെയ്ത മന്ത്രി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് നിര്‍ദ്ദേശിച്ചിരുന്നു.

“സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും നിലവില്‍ കളക്ടറുടെ ഉത്തരവില്‍ തെറ്റുകളുണ്ടെങ്കില്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു; ഭൂവുടമയെ കണ്ടിട്ടില്ലെന്ന് ദിവ്യ എസ്.അയ്യര്‍


ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജിലെ ഒരു കോടിയോളം രൂപ മതിപ്പ് വിലയുള്ള 27 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തിക്ക് കളക്ടറുടെ ഉത്തരവ് പ്രകാരം തിരികെ ലഭിച്ചത്. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയിരുന്നു.

ഭൂമി ഒഴിപ്പിച്ച് പൊലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാനായി വകയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കൈയേറ്റക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും സബ്കളക്ടര്‍ക്ക് തീരുമാനമെടുക്കാനുള്ള വിധി നേടുകയും ചെയ്തു. ഇതനുസരിച്ചാണ് കളക്ടര്‍ സ്ഥലം കൈയേറ്റക്കാരന് തിരിച്ചു കൊടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതിനെതിരെ സ്ഥലം എം.എല്‍.എ വി. ജോയി, പഞ്ചായത്ത് സമിതി നേതാക്കള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കും ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.