ഇന്ത്യ കീഴടക്കി വന്ന് ഇറങ്ങിയ ആദ്യ കളിയിൽ തന്നെ റെക്കോഡ്; ചരിത്രനേട്ടവുമായി ഓസീസ് ഇതിഹാസം
Cricket
ഇന്ത്യ കീഴടക്കി വന്ന് ഇറങ്ങിയ ആദ്യ കളിയിൽ തന്നെ റെക്കോഡ്; ചരിത്രനേട്ടവുമായി ഓസീസ് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2024, 10:24 pm

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 118 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം എലീസ് പെറി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായി മാറാനാണ് പെറിക്ക് സാധിച്ചത്.

ഓസീസ് ജേഴ്‌സിയില്‍ 145 ഏകദിന മത്സരങ്ങളാണ് പെറി കളിച്ചത്. 2007ല്‍ ഓസ്‌ട്രേലിയക്കായി ഏകദിനത്തില്‍ അരങ്ങേറിയ എലീസ് 145 മത്സരങ്ങളില്‍ 118 ഇന്നിങ്‌സില്‍ നിന്നും രണ്ട് സെഞ്ച്വറികളും 34 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 3896 റണ്‍സാണ് നേടിയത്.

ബൗളിങ്ങിലും തന്റേതായ സ്ഥാനം പെറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 4.37 എക്കണോമിയില്‍ 163 വിക്കറ്റുകള്‍ ആണ് പെറി നേടിയിട്ടുള്ളത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് അലക്‌സ് ബ്ലാക്ക്വെല്‍ ആയിരുന്നു. 144 ഏകദിന മത്സരങ്ങള്‍ ആയിരുന്നു അലക്‌സ് ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ അന്നാബെല്‍ സതര്‍ ലാന്‍ഡ് 76 പന്തില്‍ പുറത്താവാതെ 58 റണ്‍സും അലന കിങ് 31 പന്തില്‍ പുറത്താവാതെ 46 റണ്‍സും നേടി നിര്‍ണായകമായ ഇന്നിങ്‌സ് കളിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 36 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ്ങില്‍ ആഷ്‌ലീ ഗാര്‍ഡ്‌നെര്‍ മൂന്ന് വിക്കറ്റും കിം ഗ്രിത്ത് രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. മാര്‍ച്ച് 24നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.

Content Highlight: Ellyse Perry Create a new record in Odi