Advertisement
national news
'ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചു'; ഒഡീഷയില്‍ നാല് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 12, 09:06 am
Tuesday, 12th March 2019, 2:36 pm

ഭുവനേശ്വര്‍: ഒഡീഷയില്‍ നാല് ഘട്ടമായി ലോക്‌സഭാ, അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദമാണെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. എന്തടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നാല് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

സ്വതന്ത്രമായ തീരുമാനമല്ല അത്. അദ്ദേഹം മറ്റാരുടേയോ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തേണ്ടതിന് പകരം മറ്റു ചിലരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് അദ്ദേഹം. – ബി.ജെ.ഡി വക്താവ് അമര്‍ പട്‌നായിക് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

പശ്ചിമബംഗാളിലും നാല് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനര്‍ത്ഥം ഒഡീഷയിലും പശ്ചിമബംഗാളിലും ബി.ജെ.പിക്ക് ജയസാധ്യത ഇല്ലെന്നാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ചതും- അദ്ദേഹം പറഞ്ഞു.


സര്‍ഫ് എക്‌സല്‍ പാര്‍ട്ണറെന്ന് കരുതി മൈക്രോസോഫ്റ്റ് എക്‌സലിന് 1 സ്റ്റാര്‍ റേറ്റിങ് ഇട്ട് സംഘപരിവാര്‍ അനുകൂലികള്‍


ഒഡീഷയിലെ ക്രമസമാധാന നിലയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നിരിക്കെ എന്തിന്റെ പേരിലാണ് നാല് ഘട്ടമായി തെരഞ്ഞൈടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചതെന്ന് എം.പി പ്രതാപ് കേസരി ദേബും ചോദിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പും ഭരണകക്ഷികളുമായി സംസാരിക്കുന്ന രീതി മുന്‍പുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു നടപടിയും ഉണ്ടായില്ല.

ഏപ്രില്‍ 11, 18, 23,29 തിയ്യതികളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ ദിവസവും നാല് മുതല്‍ ആറ് വരെയുള്ള ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് അസംബ്ലി മണ്ഡലങ്ങൡലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായികിന്റെ ബി.ജെ.ഡി( ബിജു ജനതാദള്‍) 21 ല്‍ 20 സീറ്റും അസംബ്ലി മണ്ഡലങ്ങളില്‍ 148 ല്‍ 117 സീറ്റുകളും കരസ്ഥമാക്കി വന്‍ വിജയം നേടിയിരുന്നു. രണ്ട് ഘട്ടമായിട്ടായിരുന്നു അന്ന് തെരഞ്ഞെടുപ്പ് നടന്നത്.