വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: കെ.സി. വേണുഗോപാല്‍
national news
വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: കെ.സി. വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 1:37 pm

ന്യൂദല്‍ഹി: എക്‌സിറ്റ് പോളുകളില്‍ പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വോട്ടെണ്ണല്‍ ദിനത്തില്‍ സുതാര്യത ഉറപ്പ് വരുത്തണമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. അതിനായി ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജൂണ്‍ നാലിന് ശേഷം ആരെല്ലാം എത്ര സീറ്റുകള്‍ വീതം നേടുമെന്നതില്‍ വ്യക്തത വരുമെന്നും അതിനുശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എക്‌സിറ്റ് പോളുകളില്‍ ധാരാളം ദുരൂഹതകള്‍ ഉണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന് നല്‍കാനാണ് വൈകുന്നേരത്തെ കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എക്‌സിറ്റ് പോളില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ‘എക്‌സിറ്റ് പോള്‍ മോദി പോള്‍’ ആണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇന്ത്യാ സഖ്യം 295ന് മുകളില്‍ സീറ്റ് നേടുമെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം കേരളത്തില്‍ ബി.ജെ.പിക്ക് സാധ്യതയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ്‌കെ. സുധാകരന്‍ പ്രതികരിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് സുധാകരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മുന്നോട്ടുവരും. എന്നാല്‍ അതിന്റെ അര്‍ത്ഥം ഭരിക്കുമെന്നല്ല എന്നും കെ. സുധാകരന്‍ പറഞ്ഞു.

ഇന്ത്യ ടുഡേ എക്സിറ്റ് പോളില്‍ കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് പറയുന്നു. 17 മുതല്‍ 18 വരെ സീറ്റുകള്‍ നേടി യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍.ഡി.എഫിന് രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ കിട്ടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേയില്‍ പറയുന്നത്.

എ.ബി.പി-സി വോട്ടര്‍ സര്‍വേയിലും കേരളത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് പറയുന്നത്. 17 മുതല്‍ 19 വരെ സീറ്റ് യു.ഡി.എഫിന് പ്രവചിക്കുമ്പോള്‍ എല്‍.ഡി.എഫിന് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എ.ബി.പി-സി വോട്ടര്‍ പറയുന്നത്. അതേസമയം, എന്‍.ഡി.എ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് നേടുമെന്നുമാണ് സര്‍വേ ഫലം.

Content Highlight: Election Commission to be approached to ensure transparency on counting day: K.C. Venugopal