2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാഫിയയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നതായും ഷാ പറഞ്ഞു.
‘ഇന്ന് അതിഖ് അഹമ്മദും അസം ഖാനും മുഖ്താര്‍ അന്‍സാരിയും ജയിലിലാണ്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ജയിലിന് പുറത്തുള്ളത്. നിങ്ങള്‍ മാര്‍ച്ച് 10ന് താമര വിരിയിക്കും, അതിനുശേഷം അവരെ ഞങ്ങള്‍ ജയിലിലാക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ബി.ജെ.പി പ്രവര്‍ത്തിച്ചുവെന്നും രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിച്ചെന്നും ഷാ അഭിപ്രായപ്പെട്ടു.
‘മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശിനെ കുറ്റകൃത്യ രഹിത സംസ്ഥാനമാക്കാനുള്ള ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,’ അദ്ദേഹം പറയുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിനെ ഭൂമാഫിയയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
കൊവിഡ്-19 വാക്‌സിന്‍ വന്നതിന് ശേഷം, വാക്‌സിന്‍ എടുക്കരുതെന്ന് അഖിലേഷ് യാദവ് എല്ലാവരോടും പറഞ്ഞിരുന്നു. ഇത് മോദിയുടെ വാക്‌സിനാണ്, അത് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളുടെ ജീവന് വേണ്ടി പ്രവര്‍ത്തിക്കാതെ രാഷ്ട്രീയം പാകം ചെയ്യുന്നവര്‍ക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അഖിലേഷ് യാദവിനെ കുറ്റപ്പെടുത്തികൊണ്ട് ഷാ പറഞ്ഞു.
മാര്‍ച്ച് ഏഴിനാണ് ജൗന്‍പൂരില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Content Highlights: Elect candidates who have values of service in their DNA: Amit Shah