വിശ്വാസം നേടി ഷിന്‍ഡെ; നേടിയത് കേവല ഭൂരിപക്ഷത്തില്‍ നിന്നും 21 വോട്ട് കൂടുതല്‍
national news
വിശ്വാസം നേടി ഷിന്‍ഡെ; നേടിയത് കേവല ഭൂരിപക്ഷത്തില്‍ നിന്നും 21 വോട്ട് കൂടുതല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 11:59 am

മുംബൈ: വിശ്വാസവോട്ടെടുപ്പില്‍ വിശ്വാസം നേടി ഷിന്‍ഡെ. 164 പേരുടെ പിന്തുണയോടെയാണ് ഏക് നാഥ് ഷിന്‍ഡെ വോട്ടെടുപ്പില്‍ വിജയിച്ചത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച അതേ വോട്ട് തന്നെയാണ് ഷിന്‍ഡെയ്ക്ക് വിശ്വാസവോട്ടെടുപ്പിലും ലഭിച്ചത്.

143 കേവലഭൂരിപക്ഷമായിരുന്നു വിജയിക്കാന്‍ ആവശ്യമുണ്ടായത്. ഇതില്‍ നിന്ന് 21 വോട്ടുകള്‍ അധികം നേടിയാണ് ഷിന്‍ഡെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.

പ്രതിപക്ഷ വോട്ട് എണ്ണി പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് ഷിന്‍ഡെ ഉയര്‍ന്ന ഭൂരിപക്ഷത്തിലെത്തിയിരിക്കുന്നത്. ഇതോടെ ഷിന്‍ഡെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ ഭരണം ഉറപ്പിക്കും.

കഴിഞ്ഞ ദിവസമായിരുന്നു മഹാരാഷ്ട്രയിലെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി നേതാവായ രാഹുല്‍ നര്‍വേക്കര്‍ ആണ് മഹാരാഷ്ട്ര സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

രാജന്‍ സാല്‍വിയ ആയിരുന്നു മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

കൊലാബ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് നര്‍വേക്കര്‍ നിയമസഭയിലെത്തിയത്.

ശിവസേനയില്‍ നിന്ന് പിരിഞ്ഞ് ബി.ജെ.പി പിന്തുണയോടെയാണ് നര്‍വേക്കര്‍ കൊലാബയില്‍ ജനവിധി തേടിയത്.

ജൂണ്‍ 30നായിരുന്നു ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ബി.ജെ.പി മുതിര്‍ന്ന നേതാവും, മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി.

Content Highlight: eknath shinde won in floor test