തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ.എം നേതാവും മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രമായ ‘കടല്‍പോലൊരാള്‍’, എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ.എം നേതാവും മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രമായ ‘കടല്‍പോലൊരാള്‍’, എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി.ശിവന്‍കുട്ടി, എം.ബി. രാജേഷ്, ഡോ. ആര്‍. ബിന്ദു, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, നന്ദകുമാര്‍ എം.എല്‍.എ, സിനിമാ സംവിധായകരായ എം.എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രകാശനം നിര്‍വഹിച്ചു.
ഇ.കെ ഇമ്പിച്ചി ബാവയുടെ ‘കടല്‍പോലൊരാള്‍’ എന്ന പേരിലുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മകന്‍ മുഷ്താഖ് ആണ്. മാതൃഭൂമി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ജനുവരി 8 ന്, രാവിലെ 11.30 ന് തിരുവനന്തപുരത്തുവെച്ച് കേരള നിയമസഭ അന്താരാഷട്ര പുസ്തകോത്സവത്തില്‍ പുസ്തകത്തിന്റെ പ്രകാശനം നടക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് നല്‍കിക്കൊണ്ടായിരിക്കും പുസ്തക പ്രകാശനം നിര്‍വഹിക്കുക. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അധ്യക്ഷതയും പൊന്നാനി എം.എല്‍.എ പി. നന്ദകുമാര്‍ സ്വാഗതവും ആശംസിക്കും.
മകനെന്ന നിലയ്ക്ക് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മ പുസ്തകമല്ല ഇതെന്നും, ഇമ്പിച്ചി ബാവ എന്ന ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് ഏതൊരു ചരിത്രാന്വേഷിയേയും പോലെ ശേഖരിച്ച വിവരങ്ങളാണ് ഇതിലെന്നും മുഷ്താഖ് പറഞ്ഞു. ഒരു ചെറിയ പുസ്തകത്തിലൂടെ കേരളത്തിന്റെ ഒരു വലിയ കാലത്തെ ചരിത്രം പറയാനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
നാലാം വയസ്സില്‍ അധ്യാപകന്റെ അന്യായം ചോദ്യം ചെയ്തതു മുതല്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ശിഷ്യനായി മാറിയ ഇമ്പിച്ചി ബാവ സ്വാതന്ത്ര്യ സമര സേനാനിയായി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് പൊലീസിന്റെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു.
പി. കൃഷ്ണപിള്ള അദ്ദേഹത്തിലെ വിപ്ലവവീര്യം കണ്ടെത്തിയതു മുതല്‍ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ നേതാക്കളോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായി.
സ്വാതന്ത്ര്യസമരകാലത്തും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനെന്ന നിലയിലും നിരവധി തവണ ജയില്‍വാസം അനുഭവിക്കാനിടയായി. ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല, പലപ്പോഴും ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണദ്ദേഹം.
പാര്‍ലമെന്റ് അംഗമായിരിക്കെ രാജ്യസഭയില്‍ ആദ്യമായി മലയാളത്തില്‍ സംസാരിച്ച്, പാര്‍ലമെന്റില്‍ പ്രാദേശിക ഭാഷകളില്‍ സംസാരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച് അദ്ദേഹം ചരിത്രം കുറിച്ചിരുന്നു. ഗതാഗത മന്ത്രിയായിരിക്കെ മലബാറിലേക്ക് ആദ്യമായി കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് സാധ്യമാക്കിയതും അദ്ദേഹമാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 അഖിലേന്ത്യാ നേതാക്കളില്‍ ഇമ്പിച്ചി ബാവയും ഉണ്ടായിരുന്നു. അങ്ങനെ സി.പി.ഐ.എം സ്ഥാപക നേതാക്കളില്‍ ഒരാളായി. മലബാറിന്റെ സുല്‍ത്താന്‍ എന്നറിയപ്പെട്ടിരുന്ന ഇമ്പിച്ചിബാവ 1995 ഏപ്രില്‍ 11ന് മരിക്കുമ്പോള്‍ പൊന്നാനി എം.എല്‍.എ ആയിരുന്നു.
മരണം വരെയും തന്റെ നാടിനും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിച്ച ജനകീയനായ നേതാവിന്റെ സാഹസികവും പ്രചോദനപരവും ആയ ജീവിതമാണ് കടല്‍പോലൊരാള്‍ എന്ന ഈ പുസ്തകം പറയുന്നത്.
Content Highlight: EK Impichibawa’s biography ‘Kadalpoloral’ released cover