ഏതെങ്കിലുമൊരു സൈഡ് തെരഞ്ഞെടുക്കുക', സോളോക്ക് ശേഷം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment
ഏതെങ്കിലുമൊരു സൈഡ് തെരഞ്ഞെടുക്കുക', സോളോക്ക് ശേഷം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th January 2024, 5:36 pm

ചുരുക്കം സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ച സംവിധായകനാണ് ബിജോയ് നമ്പ്യാര്‍. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ബോളിവുഡിലായിരുന്നു ബിജോയുടെ അരങ്ങേറ്റം. 2011ല്‍ പുറത്തിറങ്ങിയ ഷൈത്താന്‍ എന്ന സിനിമയിലൂടെ സംവിധായക കുപ്പായം അണിഞ്ഞ ബിജോയ് 2013ല്‍ ഡേവിഡ് എന്ന ബൈലിംഗ്വല്‍ ചിത്രത്തിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു.

2017ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോയിലൂടെ മലയാളത്തിലും അരങ്ങേറി.സോളോക്ക് ശേഷം ബിജോയ്‌യുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഡാങ്കേ എന്ന പേരില്‍ ഹിന്ദിയിലും പോര്‍ എന്ന പേരില്‍ തമിഴിലും ഒരേ സമയം ചിത്രം ഷൂട്ട് ചെയ്യും.

ഹിന്ദി പതിപ്പില്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ, ഇഹാന്‍ ഭട്ട്, ടി.ജെ ഭാനു, നിഖിത ദത്ത എന്നിവരും, തമിഴ് പതിപ്പില്‍ കാളിദാസ് ജയറാം, അര്‍ജുന്‍ ദാസ്, സഞ്ജന നടരാജന്‍, ടി.ജെ ഭാനു എന്നിവരുമാണ് പ്രധാന താരങ്ങള്‍. മറ്റ് താരങ്ങളുടെയും ടെക്‌നിഷ്യന്മാരുടെയും വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സോളോയ്ക്ക് ശേഷം നെറ്റ്ഫ്‌ളിക്‌സിന്റെ നവരസ എന്ന ആന്തോളജി സീരീസിലെ എതിരി എന്ന സെഗ്മെന്റും അതിന് ശേഷം സ്വീറ്റ് കാരം കോഫീ, കാലാ എന്നീ വെബ് സീരീസുകളും ബിജോയ് സംവിധാനം ചെയ്തു. ഇര്‍ഫാന്‍ ഖാന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒന്നിച്ച കര്‍വാന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചതും ബിജോയ് തന്നെ.

Content Highlight: Bejoy Nambiar new bilingual movie first look out