ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ ഇറക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ വിജ്ഞാപനം ഇറക്കൂ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വിജ്ഞാപനത്തില്‍ കൂടുതല്‍ പൊതുജനാഭിപ്രായം തേടണമെന്നും സുപ്രീംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
നേരത്തെ ഭരണഘടന അംഗീകരിച്ച 22 ഭാഷകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ജൂണ്‍ 30 മുതല്‍ 10 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ വിക്രാന്ത് തോംഗഡ് നല്‍കിയ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.