ന്യൂദല്‍ഹി: ഉക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പഠനം തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം തുടരാന്‍ അനുമതി നല്‍കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് കേന്ദ്രം തള്ളി. വിദ്യാഭ്യാസം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ബംഗാള്‍ സര്‍ക്കാര്‍ നടത്തിയത് ചട്ടവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്ത് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാന്‍ ചട്ടപ്രകാരം സാധ്യമല്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി.
ഉക്രെയിന്‍ റഷ്യ തര്‍ക്കം രൂക്ഷമായതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള സാധ്യതയും കുറവണ്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രം പഠത്തിന് വഴിയൊരുക്കണമെന്ന ആവശ്യമുയര്‍ന്നത്.
ഏപ്രില്‍ 29ന് രണ്ട് മാസങ്ങള്‍ക്കകം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതിയ സ്‌കീം രൂപീകരിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിന്റെ പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തേക്ക് തിരികെയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠന സാധ്യതയൊരുക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ റെഗുലേഷന്‍ പ്രകാരം തടസ്സമില്ലെന്ന് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ്-യുദ്ധം മുതലായ സാഹചര്യങ്ങള്‍ കാരണം വിദേശ രാജ്യങ്ങളിലെ ഇന്റേണ്‍ഷിപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ചു വന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ അത് പൂര്‍ത്തിയാക്കാമെന്ന് മാര്‍ച്ചില്‍ റെഗുലേറ്ററി പ്രസ്താവിച്ചതായും ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നു.