കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്നും രാജ്യദ്രോഹികള്‍ എന്നും വിളിക്കരുത്; ചായ്‌വോടുകൂടി ചെയ്യാനുള്ളതല്ല മാധ്യമപ്രവര്‍ത്തനമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാധ്യമസംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. കര്‍ഷകരെ വിളിക്കുന്നതിനായി ചില മാധ്യമങ്ങള്‍ ഖലിസ്ഥാനികള്‍, രാജ്യദ്രോഹികള്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതായും ഇത് മാധ്യമധര്‍മത്തിന് എതിരായ പ്രവൃത്തിയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ മാധ്യമങ്ങളുടെ വിശ്വാസത്തെ തന്നെ തകര്‍ക്കുമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.
ഭരണഘടനാപരമായി തങ്ങള്‍ക്ക് അവകാശമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പ്രത്യേക ചായ്‌വോടുകൂടിയും സത്യസന്ധതയില്ലാതെയും വസ്തുതാവിരുദ്ധമായും വാര്‍ത്തകള്‍ കൊടുക്കരുതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ മറ്റ് മാധ്യമ സംഘടനകള്‍ക്ക് താക്കീത് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധിക്കുന്നവരുടെ വേഷവിധാനങ്ങളും വംശവും നോക്കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും സംഘടന പറഞ്ഞു.
രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചുകൊണ്ട് നേരത്തേ ചില മാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു.
മാധ്യമങ്ങള്‍ക്ക് പുറമെ ബി.ജെ.പി ഐ.ടി സെല്‍ മേധാവിയും കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ചിരുന്നു. കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഖലിസ്ഥാന്‍, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നാണ് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്.
ദല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നവംബര്‍ 23 ന് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഖലിസ്ഥാനികളും മാവോയിസ്റ്റുകളും ബില്ലിനെ എതിര്‍ത്ത് പ്രക്ഷോഭം തുടങ്ങിയപ്പോള്‍ ദല്‍ഹിയെ പ്രതിരോധത്തിലാക്കാനുള്ള അവസരമായി അദ്ദേഹം അതിനെ കണ്ടു. ഇത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നില്ല. വെറും രാഷ്ട്രീയമാണിത്, എന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്.
പത്ത് ദിവസമായി ദല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക