Advertisement
Entertainment
മഹേഷിന്റെ പ്രതികാരത്തിലെ ആ സിംഗിള്‍ ഷോട്ട് സീന്‍ 28 ടേക്ക് വരെ എടുക്കേണ്ടി വന്നിട്ടുണ്ട്: എഡിറ്റര്‍ കിരണ്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 05, 03:05 pm
Friday, 5th July 2024, 8:35 pm

2016ല്‍ പുറത്തിറങ്ങിയ പാ.വ എന്ന ചിത്രത്തിലൂടെ എഡിറ്റിങ് രംഗത്തേക്ക് കടന്നുവന്നയാളാണ് കിരണ്‍ ദാസ്. എട്ട് വര്‍ഷത്തെ കരിയറില്‍ 27ലധികം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത കിരണ്‍ ദാസ് 2019ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും നേടി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉള്ളൊഴുക്കാണ് കിരണ്‍ ദാസിന്റെ ഏറ്റവും പുതിയ ചിത്രം.

മലയാളസിനിമയില്‍ മാറ്റത്തിന് വഴിയൊരുക്കിയ സിനിമകളിലൊന്നായിരുന്നു 2014ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. അതുവരെ കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് റിയലിസ്റ്റിക്കായിട്ടായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെ കഥ. ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായി നിന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കിരണ്‍ ദാസ്.

ഇന്റര്‍വെലിന് തൊട്ടുമുമ്പ് ഫഹദ് ഫാസിലിന്റെ സ്റ്റുഡിയോയിലേക്ക് സൗബിന്റെ കഥാപാത്രം വരുന്ന സീന്‍ സിംഗിള്‍ ഷോട്ടിലാണ് എടുത്തതെന്നും ക്യാമറയുടെ ഫ്രെയിമിലൂടെ കാണിക്കുന്ന സീനായതുകൊണ്ട് 28 ടേക്ക് എടുക്കേണ്ടി വന്നെന്നും കിരണ്‍ ദാസ് പറഞ്ഞു. ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സിനെക്കാള്‍ ആ സീനില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ടും വേണ്ടിയതിനാലാണ് അത്രയും ടേക്ക് എടുക്കേണ്ടി വന്നതെന്നും കിരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ ദാസ് ഇക്കാര്യം പറഞ്ഞത്.

‘കരിയറില്‍ ഏറ്റവുമധികം തവണ എടുക്കേണ്ടി വന്ന സീന്‍ മഹേഷിന്റെ പ്രതികാരത്തിലായിരുന്നു. ഇന്റര്‍വെലിന് മുമ്പ് സൗബിന്റെ കഥാപാത്രം ഫഹദിന്റെ സ്റ്റുഡിയോയിലേക്ക് ഫോട്ടോ എടുക്കാന്‍ വരുന്ന സീനുണ്ട്. ഫോട്ടോ എടുക്കുന്നതിന് മുമ്പ് കിരീടവും ചെങ്കോലും ടി.വിയില്‍ കണ്ട അനുഭവം സൗബിന്‍ പറയുകയാണ്. ആ സീന്‍ അവസാനിക്കുന്നത് ഫഹദ് ഫോട്ടോ എടുത്ത് തീരുമ്പോഴാണ്.

അതുവരെ ക്യമാറയുടെ ഫ്രെയിമിലൂടെയാണ് സീന്‍ കാണിക്കുന്നത്. എത്ര എടുത്തിട്ടും ആ സീനിന് പെര്‍ഫക്ഷന്‍ കിട്ടിയില്ല. സൗബിന്‍ ആദ്യം തൊട്ട് അവസാനം വരെ നല്ല രീതിയില്‍ തന്നെ പെര്‍ഫോം ചെയ്തു. പക്ഷേ, ടെകനിക്കല്‍ സൈഡ് അതിനനുസരിച്ച് പെര്‍ഫക്ടായില്ല. ഈ സീനിന്റെ ഫൈനല്‍ ഔട്ട് പ്രേക്ഷകര്‍ കാണുമ്പോള്‍ ഒരു മിസ്‌റ്റേക്ക് കാണാന്‍ പാടില്ല എന്ന ചിന്തയിലാണ് അത്രയും ടേക്ക് പോകേണ്ടി വന്നത്,’ കിരണ്‍ ദാസ് പറഞ്ഞു.

Content Highlight: Editor Kiran Das about the single shot scene in Maheshinte Prathikaram