2016ല്‍ പുറത്തിറങ്ങിയ പാ.വ എന്ന ചിത്രത്തിലൂടെ എഡിറ്റിങ് രംഗത്തേക്ക് കടന്നുവന്നയാളാണ് കിരണ്‍ ദാസ്. എട്ട് വര്‍ഷത്തെ കരിയറില്‍ 27ലധികം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത കിരണ്‍ ദാസ് 2019ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡും നേടി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഉള്ളൊഴുക്കാണ് കിരണ്‍ ദാസിന്റെ ഏറ്റവും പുതിയ ചിത്രം.
ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വഹിച്ചത് കിരണ്‍ ദാസായിരുന്നു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം നിരവധി അവാര്‍ഡുകളും നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള അവാര്‍ഡ് ഫഹദ് സ്വന്തമാക്കിയിരുന്നു.
നോക്കിലും നടപ്പിലും കള്ളന്‍ പ്രസാദ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഫഹദ് കാഴ്ച വെച്ചത്.ചിത്രത്തിലെ ഫഹദിന്റെ ഇന്‍ട്രോ സീനിലെ ഡയറക്ടര്‍ ബ്രില്ല്യന്‍സിനെപ്പറ്റി സംസാരിക്കുകയാണ് എഡിറ്റര്‍ കിരണ്‍ ദാസ്. ഫഹദിനെ കാണിക്കുന്ന സീനില്‍ ബസിനുള്ളില്‍ ഫഹദ് ആദ്യം മുതലേ ഉണ്ടായിരുന്നെന്നും എന്നാല്‍ ആരും ഫഹദിനെ ശ്രദ്ധിക്കാതിരിക്കാന്‍ ഉണ്ണിമായാ പ്രസാദിനെ പര്‍ദ ഇടീച്ച് ഫഹദ് ഇരിക്കുന്ന സീറ്റിന്റെ മുന്നില്‍ ഇരുത്തി മാസ്‌ക് ചെയ്യിച്ചുവെന്ന് കിരണ്‍ ദാസ് പറഞ്ഞു.
ദിലീഷ് പോത്തന്‍ ചെയ്ത ഈ ട്രിക്ക് തനിക്ക് വളരെ ഇന്‍ട്രസ്റ്റിങ്ങായി തോന്നിയെന്നും കിരണ്‍ ദാസ് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കിരണ്‍ ദാസ് ഇക്കാര്യം പറഞ്ഞത്.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ കാസര്‍ഗോഡ് എന്ന് ബസിന്റെ ബോര്‍ഡ് കാണിക്കുന്ന ഷോട്ട് ഉണ്ട്. അത് കഴിഞ്ഞ് നേരെ കാണിക്കുന്ന ഷോട്ട് ബസിന്റെ ഉള്‍ഭാഗമാണ്. ആ ഷോട്ടില്‍ ഫഹദ് ഉണ്ട്. പക്ഷേ ഫഹദിനെ ക്യാമറയില്‍ കിട്ടാതിരിക്കാന്‍ ദിലീഷ് പോത്തന്‍ ഒരു ട്രിക്ക് ചെയ്തിട്ടുണ്ട്. ഈ സീന്‍ ശ്രദ്ധിച്ചാല്‍ മനസിലാകും, നിമിഷയുടെ അടുത്ത് പര്‍ദ ഇട്ട ഒരു സ്ത്രീ ഇരുന്ന് ഉറങ്ങുന്നുണ്ട്.
ഉണ്ണിമായയാണ് പര്‍ദ ഇട്ട് ആ സീറ്റിലിരിക്കുന്നത്. ഫഹദില്‍ നിന്ന് ഡിസ്ട്രാക്ട് ചെയ്യാന്‍ ആ സ്ത്രീ ഉറക്കത്തില്‍ ഇരുന്ന് ആടുന്നുണ്ട്. ആ സമയത്ത് നമ്മുടെ ശ്രദ്ധ ബാക്കി കാര്യത്തിലേക്കൊന്നും പോകില്ല. ഫഹദിനെ ക്രൂ മൊത്തം മാസ്‌ക് ചെയ്തിരിക്കുകയാണ്. ദിലീഷ് പോത്തന്‍ ചെയ്ത ആ ട്രിക്ക് ഇന്‍ട്രസ്റ്റിങ്ങായി തോന്നി,’കിരണ്‍ ദാസ് പറഞ്ഞു.
Content Highlight: Editor Kiran Das about the intro scene of Fahadh Faasil in Thondimuthalum Driksakshiyum