ന്യൂദൽഹി: പശ്ചിമബംഗാളിൽ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇ.ഡിയെയും ബംഗാൾ സർക്കാരിനെയും വിമർശിച്ച് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി.
തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷാജഹാൻ ഷെയ്ഖ്, ശങ്കർ ആധ്യ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്താനെത്തിയപ്പോഴായിരുന്നു ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്.
റേഷൻ വിതരണ തട്ടിപ്പിൽ അറസ്റ്റിലായ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ അടുത്ത അനുയായിയാണ് ഷാജഹാൻ ഷെയ്ഖ്.
ഷെയ്ഖിനെതിരെയുള്ള ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ വിമർശനം.
‘ഇ.ഡി എന്ത് ചെയ്യാനാ? ഇ.ഡി തന്നെ മണ്ടന്മാരാണ്. ബംഗാൾ സർക്കാർ അയാളെ സംരക്ഷിക്കും.
പാർട്ടിയിലെ അപകടകാരികളെ സംരക്ഷിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതൊരു ‘സംരക്ഷണ’ സർക്കാരാണ്. പിന്നെ ലുക്കൗട്ട് നോട്ടീസ് കൊണ്ട് എന്താണ് പ്രയോജനം? അതിർത്തികളിൽ തടസങ്ങളില്ല. അവർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കരുത്. അത് ബി.ജെ.പി ആയാലും ഇ.ഡി ആയാലും സി.ബി.ഐ ആയാലും,’ അധീർ രഞ്ജൻ പറഞ്ഞു.