ന്യൂദല്‍ഹി: ദല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ ഒ.പി ശര്‍മ്മ ഷെയര്‍ ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം നീക്കം ചെയ്യണമെന്ന് ഫേസ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
മാര്‍ച്ച് 1 ഷെയര്‍ ചെയ്ത ചിത്രം റിമൂവ് ചെയ്യണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിനന്ദന്‍ വര്‍ധമാന്‍, മോദി, അമിത് ഷാ എന്നിവര്‍ക്കൊപ്പം വിശ്വാസ് നഗര്‍ എം.എല്‍.എയായ ഒ.പി ശര്‍മ്മയും നില്‍ക്കുന്നതാണ് പോസ്റ്റര്‍.
സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കീത് നല്‍കിയിരുന്നു. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ബി.ജെ.പി തങ്ങളുടെ പ്രചരണ പോസ്റ്ററുകളില്‍ വ്യാപകമായി സൈനിക ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
പുല്‍വാമയും ബാലാകോട്ടും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ രാംദാസ് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. അഡ്മിറല്‍ രാംദാസ്
പുല്‍വാമയുമായോ, ബാലാകോട്ടുമായോ ബന്ധപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ശക്തമായ സന്ദേശ നല്‍കണമെന്നും അദ്ദേഹം തന്റെ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
“മതേതരവും രാഷ്ട്രീയ ഇടപെടലുകളുമില്ലാത്ത ഒരു വ്യവസ്ഥിതിയുടെ ഭാഗമായതില്‍ അഭിമാനിക്കുന്നവരാണ് ഇന്ത്യന്‍ സായുധ സേന എന്ന് നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പുണ്ട്. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ഭാക്കി നില്‍ക്കെ കപട ദേശീയ വാദത്തിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രം ഉപയോഗിച്ച് വോട്ടുകള്‍ സ്വാധീനിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം”- അദ്ദേഹം തന്റെ കത്തില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രങ്ങള്‍, സൈന്യത്തിന്റെ യൂണിഫോം എന്നിവ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉപയോഗിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ഇക്കാര്യത്തില്‍ സൈന്യത്തിലെ തന്റെ സഹപ്രവര്‍ത്തകരും സമാനാഭിപ്രായക്കാരണെന്നും അദ്ദേഹം പറഞ്ഞിരുന്നു.