Advertisement
World News
അഫ്ഗാനിസ്ഥാനിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ദൽഹിയിലും പ്രകമ്പനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 02:49 am
Wednesday, 16th April 2025, 8:19 am

കാബൂൾ: അഫ്ഗാനിസ്ഥാനിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിൽ ഇന്ന് (ഏപ്രില്‍ 16) പുലർച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) പറഞ്ഞു. ഏകദേശം 1,08,000 ജനസംഖ്യയുള്ള ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് പ്രഭവകേന്ദ്രം എന്നും ഇ.എം.എസ്.സി കൂട്ടിച്ചേർത്തു.

സംഭവത്തിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. എങ്കിലും അഫ്ഗാനിസ്ഥാനിലെ ദുർബല സമൂഹങ്ങളിൽ ഭൂകമ്പം ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ധർ ആശങ്കാകുലരാണ്.

അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് അഫ്‌ഗാനിസ്ഥാനിൽ ജനത ഇരയാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് (UNOCHA) പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പതിവായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾ ദുർബല സമൂഹങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷവും അവികസിതാവസ്ഥയും അതേസമയം പ്രകൃതി ദുരന്തങ്ങളും അഫ്ഗാൻ ജനതയെ ദുരിതത്തിലേക്ക് തള്ളിവിടുന്നുവെന്നും യു.എൻ.ഒ.സി.എച്ച്.എ പറഞ്ഞു.

ദൽഹിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രകമ്പനത്തെക്കുറിച്ച് സംസാരിച്ചു.

അതേസമയം, ഫിലിപ്പീന്‍സിലും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വ്വേയാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പീന്‍സിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മിന്‍ഡാനാവോ ദ്വീപിന്റെ തീരത്ത് 30 കിലോമീറ്റര്‍ (18.6 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. മൈതം ടൗണിന് 43 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ജനസാന്ദ്രത കുറഞ്ഞ പര്‍വ്വതപ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു.

Content Highlight: Earthquake of magnitude 5.6 hits Afghanistan, tremors felt in Delhi