ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വി മേധാവിയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയുടെ അടിയന്തര ജാമ്യാപേക്ഷ പരിഗണിക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതി മുതിര്‍ന്ന അഭിഭാഷകനും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ.
സമാന കേസുകളില്‍ നിരവധി പേര്‍ ഹരജി ഫയല്‍ ചെയ്ത് തങ്ങളുടെ ഊഴം കാത്തിരിക്കുന്നതിനിടെ അര്‍ണബിന്റെ ഹരജി അടിയന്തരമായി എടുക്കുന്നതിനെയാണ് ദുഷ്യന്ത് ദവെ ചോദ്യം ചെയ്തത്.
കേസില്‍ അര്‍ണബിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതിയെ അര്‍ണാബ് സമീപിച്ചത്. തുടര്‍ന്ന് ഈ ഹരജി പരിഗണിക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ അവധിക്കാല ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
കൊവിഡ് വ്യാപകമായ ഈ സാഹചര്യത്തിലും ആയിരക്കണക്കിന് പൗരന്മാര്‍ ജയിലുകളില്‍ കഴിയുകയാണ്. തങ്ങളുടെ ഹരജികളുമായി മാസങ്ങളോളമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇതിനിടെയാണ് ഒരു വ്യക്തിയുടെ അപേക്ഷ ഒരു ദിവസം കൊണ്ട് തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.
‘ഗോസ്വാമിക്കെതിരെ എനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല സുപ്രീംകോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശങ്ങളില്‍ എന്തായാലും ഇടപെടാന്‍ ഞാന്‍ ഈ കത്ത് എഴുതുന്നത് കൊണ്ട് ഉദ്ദേശിക്കുന്നില്ല. എല്ലാ പൗരന്മാരെയും പോലെ അദ്ദേഹത്തിനും പരമോന്നത കോടതിയില്‍ നിന്ന് നീതി തേടാനുള്ള അവകാശമുണ്ട്’ എന്നും ദുഷ്യന്ത് ദവെ കത്തില്‍ പറയുന്നു.
‘അര്‍ണബ് ഗോസ്വാമിക്കുവേണ്ടി സമര്‍പ്പിച്ച പ്രത്യേക ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു.
ചീഫ് ജസ്റ്റിസിന്റെ പ്രത്യേക ഉത്തരവുകളില്ലാതെ ഇത്തരം അസാധാരണമായ നടപടികള്‍ നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതോ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്ന നിലയില്‍ നിങ്ങള്‍ അല്ലെങ്കില്‍ രജിസ്ട്രാര്‍ ലിസ്റ്റിംഗ് ശ്രീ ഗോസ്വാമിക്ക് പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ടോ? എന്നും സുപ്രീംകോടതി ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ദുഷ്യന്ത് ദവെ ചോദിച്ചു.
കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഈ കത്ത് ടേബിളില്‍ വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഫലക്കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ചാനലിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്വയ് നായിക്ക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബര്‍ നാലിനാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് അര്‍ണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബര്‍ 18 വരെ റിമാന്‍ഡ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക