Film News
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന സൈക്കോ ത്രില്ലര്‍ ചിത്രം 'അന്താക്ഷരി'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 28, 12:26 pm
Friday, 28th January 2022, 5:56 pm

സൈക്കോ ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം ‘അന്താക്ഷരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

തലയുടെ സ്ഥാനത്ത് സ്പീക്കര്‍ വെച്ച് മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന പൊലീസ് ഓഫീസറെയാണ് പോസ്റ്ററില്‍ കാണുന്നത്. ‘അക്ഷരം ഞ, ഞാനൊരു പാട്ട് പാടാം’ എന്ന് തുടങ്ങി പാട്ടിലെ വരികളും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.

സൈജു കുറിപ്പാണ് ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്നത്. അന്താക്ഷരി കളിക്കാന്‍ ഇഷ്ടപ്പെടുന്ന പൊലീസ് ഓഫീസറായാണ് താന്‍ ചിത്രത്തിലെത്തുക എന്ന് സൈജു കുറിപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രിയങ്ക നായര്‍, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വര്‍മ, കോട്ടയം രമേശ്, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിപിന്‍ദാസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അല്‍ ജസ്‌ലം അബ്ദുള്‍ ജബ്ബാറാണ് അന്താക്ഷരി നിര്‍മിക്കുന്നത്. സോണി ലീവിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.


Content Highlight: dulquer salman shares the first look poster of anthakshari movie