Entertainment news
വാപ്പച്ചിയുടെ മുന്നില്‍ മൃണാള്‍ കഷ്ടപ്പെടുന്നത് എനിക്ക് കാണാമായിരുന്നു, പേടിക്കേണ്ട മുഴുവന്‍ കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു: ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 14, 11:35 am
Friday, 14th October 2022, 5:05 pm

ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ പോയ സമയത്ത് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് സംസാരിച്ച് നടി മൃണാള്‍ താക്കൂര്‍. ദുല്‍ഖറുമൊത്ത് ചെയ്ത സീതാരാമം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെയ്ത അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് മൃണാള്‍ വാചാലയാകുന്നത്.

മാമാങ്കം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പിങ്ക്‌വില്ലക്ക് വേണ്ടി മമ്മൂട്ടിയെ അഭിമുഖം ചെയ്തപ്പോഴുള്ള അനുഭവം അവതാരകന്‍ നയന്‍ദീപ് രക്ഷിത് പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് മൃണാളും സംസാരിച്ചത്.

”ഞാന്‍ മമ്മൂട്ടി സാറുമായി പരിചയപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ നിന്നും ഞാന്‍ ഇന്റര്‍വ്യൂ ചെയ്ത സൂപ്പര്‍ സ്റ്റാറുകളില്‍ ആദ്യത്തെയാളായിരുന്നു അദ്ദേഹം. അദ്ദേഹം എന്നെ സ്വാഗതം ചെയ്ത രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഇന്റര്‍വ്യൂ കഴിഞ്ഞ് എണീക്കുമ്പോള്‍ അദ്ദേഹം എന്റെ പുറത്ത് മെല്ലെ ഒന്ന് തട്ടുന്നുണ്ട്. ഇപ്പോഴും അന്നത്തെ ആ ഇന്റര്‍വ്യൂ വീഡിയോയുടെ കമന്റ് സെക്ഷന്‍ പോയി നോക്കുകയാണെങ്കില്‍ ഇക്കാര്യമാണ് ആളുകള്‍ പറയുന്നത്. ആകെയുള്ള 700 കമന്റുകളില്‍ 100 കമന്റുകളെങ്കിലും ഇതിനെ കുറിച്ച് മാത്രമാണ് പറയുന്നത്.

സാര്‍ ചെയ്തത് വലിയ കാര്യമാണ്. എന്നെപ്പോലെ, അദ്ദേഹത്തിന് മുന്നില്‍ ‘ഒന്നും അല്ലാത്ത’ ഒരാളെ സംബന്ധിച്ച് അത് വലിയ കാര്യമാണ്,” അവതാരകന്‍ പറഞ്ഞു.

അവതാരകന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായാണ് മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവം മൃണാള്‍ പറഞ്ഞത്.

”എനിക്കും ഒരു കാര്യം പറഞ്ഞേ മതിയാകൂ. ഓ മൈ ഗോഡ്, എനിക്കത് എക്‌സ്പ്രസ് ചെയ്യാന്‍ പോലും പറ്റുന്നില്ല.

ഡി.ക്യുവിന്റെ ബര്‍ത്ത്‌ഡേ സെലിബ്രേറ്റ് ചെയ്യാന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. ഡിന്നര്‍ ടേബിളില്‍ വെച്ച് മമ്മൂട്ടി സാര്‍ എനിക്ക് ഫിഷ് സെര്‍വ് ചെയ്തു. അത് വളരെ ഡെലീഷ്യസും സ്‌പൈസിയുമായിരുന്നു.

പക്ഷെ ഞാന്‍ സന്തോഷം കൊണ്ട് വളരെ ഇമോഷണലായിരുന്നു. സാര്‍ എനിക്ക് ഫിഷ് വിളമ്പി തന്നിരിക്കുന്നു, അതുകൊണ്ട് ഇത് മുഴുവന്‍ കഴിച്ച് തീര്‍ക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

ഒരു സൂപ്പര്‍സ്റ്റാര്‍ സ്വയം നിങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്നിരിക്കുന്നു, അതെങ്ങനെ ഞാന്‍ കഴിക്കാതിരിക്കും,” മൃണാള്‍ പറഞ്ഞു.

ഭക്ഷണം കഴിക്കുന്നതിനിടയിലെ മൃണാളിന്റെ അവസ്ഥയെ കുറിച്ചും അഭിമുഖത്തിനിടെ ദുല്‍ഖറും തമാശരൂപേണ സംസാരിക്കുന്നുണ്ട്.

”എനിക്കിത് കാണാമായിരുന്നു. മൃണാള്‍ കഴിക്കുന്നത് ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു. ഈ വലിയ പീസ് മീന്‍ കഴിക്കാന്‍ സാവധാനം ശ്രമിക്കുകയായിരുന്നു മൃണാള്‍. ഞാന്‍ അവളോട് പറഞ്ഞു, ഡോണ്ട് വറി, മുഴുവന്‍ കഴിക്കാന്‍ പറ്റിയില്ലെങ്കിലും ഇറ്റ്‌സ് ഓക്കെ,” ദുല്‍ഖര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: Dulquer Salmaan about Mrunal Thakur’s moments with Mammootty