ദുലീപ് ട്രോഫി ഫൈനല്‍ ഉപേക്ഷിച്ചു
DSport
ദുലീപ് ട്രോഫി ഫൈനല്‍ ഉപേക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st October 2013, 3:30 pm

[]കൊച്ചി: പിച്ചില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊച്ചിയിലെ ദുലീപ് ട്രോഫി ഫൈനല്‍ ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ഉത്തരമേഖലയേയും ദക്ഷിണ മേഖലയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു.

ഇരു ടീമുകളും സംയുക്തമായി ചേര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

തലേദിവസം രാത്രി പെയ്ത മഴവെള്ളം ഒഴിവാക്കാന്‍ സാധിക്കാത്തതിനാലാണ്  മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. കോടികള്‍ മുടക്കി നവീകരിച്ച ഗ്രൗണ്ടിലാണ് അപാകത മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

നവംബര്‍ 21ന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം നടക്കേണ്ടതും ഇതേ ഗ്രൗണ്ടിലാണ്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ശശി തരൂര്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ രംഗത്തെത്തിയിരുന്നു.

കെ.സി.എ കേരളത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ദുലീപ് ട്രോഫി ഫൈനല്‍ മത്സരം നാലാം തവണയും മാറ്റി വെച്ചതോടെയായിരുന്നു തരൂര്‍ കെ.സി.എയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകള്‍ മൂലമാണ് കൊച്ചിയില്‍ കളി ഉപേക്ഷിച്ചത്.

എട്ട് കോടി രൂപ മുടക്കിയാണ് ഗ്രൗണ്ടിലെ ഡ്രെയിനേജ് സംവിധാനം നന്നാക്കിയെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. എന്നിട്ടും പ്രധാനപ്പെട്ട രണ്ട് മത്സരങ്ങളാണ് അപാകതകള്‍ മുലം നഷ്ടമായത്.