വിവരാവകാശ അപേക്ഷയ്ക്കു മറുപടി നിഷേധിച്ച മീനാക്ഷിയുടെ നടപടി വിഡ്ഢിത്തമാണെന്ന് ദല്‍ഹി ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എം.ശ്രീധര്‍ ആചാര്യലു പറഞ്ഞു.
ന്യൂദല്‍ഹി: മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച ഉദ്യോഗസ്ഥയ്ക്ക് പിഴ. ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിയില്‍ നിന്ന് 25,000രൂപ പിഴയീടാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
വിവരാവകാശ അപേക്ഷയ്ക്കു മറുപടി നിഷേധിച്ച മീനാക്ഷിയുടെ നടപടി വിഡ്ഢിത്തമാണെന്ന് ദല്‍ഹി ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ എം.ശ്രീധര്‍ ആചാര്യലു പറഞ്ഞു. മീനാക്ഷി സഹായിയുടെ ശമ്പളത്തില്‍ നിന്നും 25,000രൂപ പിടിച്ചുവെക്കാന്‍ കമ്മീഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദല്‍ഹിയിലെ അഭിഭാഷകനായ മുഹമ്മദ് ഇര്‍ഷാദാണ് മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നല്‍കിയത്. ആര്‍.ടി.ഐ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച് ചോദ്യം ചെയ്ത് ഇര്‍ഷാദ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാക്കിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്‍ പിഴ ചുമത്തിയിരിക്കുന്നത്. അപേക്ഷയുടെ ഫീസ് പോസ്റ്റല്‍ ഓര്‍ഡറായി നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി മുഹമ്മദ് ഇര്‍ഷാദിന്റെ അപേക്ഷ തള്ളിയിരുന്നത്.
യൂണിവേഴ്‌സിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ ആര്‍.ടി.ഐ അപേക്ഷ തള്ളിയതില്‍ തെറ്റില്ലെന്നുമായിരുന്നു മീനാക്ഷി സഹായിയുടെ വാദം. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നു പറഞ്ഞ കമ്മീഷന്‍ ആര്‍.ടി.ഐ അപേക്ഷ നല്‍കുമ്പോള്‍ ഫീസ് ഏതുരീതിയില്‍ നല്‍കുന്നു എന്നതിന് പ്രാധാന്യമില്ലെന്നും വ്യക്തമാക്കി.