Kerala
'മുസ്‌ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി, ഒരുപാട് അനുഭവിച്ചു, ഇപ്പോഴും അനുഭവിക്കുന്നുണ്ട്'; സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ഡോ.ഷിംന അസീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 10, 06:45 am
Tuesday, 10th May 2022, 12:15 pm

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി ഡോ. ഷിംന അസീസ്.

മുസ്‌ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയതിനാല്‍ പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും ഷിംന പറഞ്ഞു. 2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഢിതരത്നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെയെന്നും ഷിംന കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം.

‘പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്റ്റേജില്‍ വെച്ച് ഉപഹാരം നല്‍കിയതിന് സ്റ്റേജിലുള്ളവരെ ‘തല മുതിര്‍ന്ന’ ഒരു മുസ്‌ലിയാര്‍ ശാസിക്കുന്ന വീഡിയോ കണ്ടു. അതാണ് സമസ്തയുടെ നിയമമെന്നോ ഏതാണ്ടൊക്കെയോ അയാള്‍ വേദിയില്‍ വച്ച് തന്നെ പുലമ്പുന്നുണ്ട്. പഠിച്ച് നേടിയതിന് ആദരിക്കപ്പെട്ട് അഭിമാനത്തോടെ നില്‍ക്കേണ്ട ആ നിമിഷത്തില്‍ ആ പെണ്‍കുട്ടിക്ക് എന്ത് മാത്രം അപമാനം തോന്നിക്കാണുമോ..!

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഇഷ്ടം പോലെ സ്റ്റേജുകളില്‍ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്ലിയാക്കന്‍മാരുള്ള സ്റ്റേജിലും മുസ്ലിയാക്കന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയില്‍ വരുന്നതിനുള്‍പ്പെടെ പലയിടത്തും നല്ല എതിര്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ… മുസ്‌ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി.

ഇന്നും അനുഭവിക്കുന്നുണ്ട്… ഫൈറ്റ് ചെയ്ത് പിടിച്ചു നില്‍ക്കുന്നത് പിന്നാലെ വരുന്നവരെക്കൂടെ ഓര്‍ത്താണ്. എപ്പോഴും പറയാറുള്ളത് പോലെ, മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊള്ളുമെങ്കിലും ക്രമേണ വഴി ക്ലിയറായിക്കോളും. പിറകെ വരുന്നവര്‍ക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവും.

2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഢിതരത്നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ…’ – ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്കില്‍ എഴുതി. .

മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്ലിയാരെ പ്രകോപിപ്പിച്ചത്. ‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശനങ്ങളും ശക്തമായിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിഭാഗമാണ് ഇ.കെ. സുന്നി വിഭാഗവും അവരുടെ സമസ്തയും. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കില്‍ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ സമസ്തയ്ക്ക് നേരെയുയര്‍ന്നത്.

Content highlight: Dr. Shimna Azeez against Samastha leader