ഡോക്ടര്‍ കഫീല്‍ ഖാന് ചികിത്സ നിഷേധിച്ച് ജയിലധികൃതര്‍; ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മാധ്യമങ്ങള്‍ക്കുമുന്നില്‍
National
ഡോക്ടര്‍ കഫീല്‍ ഖാന് ചികിത്സ നിഷേധിച്ച് ജയിലധികൃതര്‍; ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മാധ്യമങ്ങള്‍ക്കുമുന്നില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 6:03 pm

 

ലക്‌നൗ: ഗോരഖ്പൂരിലെ ബി.ആര്‍.ഡി ഹോസ്പിറ്റലില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ വ്യക്തിയായിരുന്നു കഫീല്‍ ഖാന്‍. മതിയായ ഓക്‌സിജന്‍ ഹോസ്പിറ്റലില്ലാത്തിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്നും ഓക്‌സിജനെത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഡോ. കഫീല്‍ഖാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ദുരന്തത്തിന് കാരണക്കാരന്‍ എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കയാണ്. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നിലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.


ALSO READ: ‘ഓര്‍മ്മയുണ്ടോ ഡോ. കഫീല്‍ ഖാനെ?’; യോഗിയുടെ ഗൊരാഖ്പൂരില്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍


കഴിഞ്ഞ മാര്‍ച്ചില്‍ സ്‌ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സകള്‍ ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്‌നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതേവരെ അത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.

 


അതേസമയം പുറത്ത് നിന്ന് ഓക്‌സിജന്‍ കൊണ്ടുവന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് ഡോ.കഫീല്‍ ഖാന്‍. സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം” എന്നാണ് കഫീല്‍ ഖാനോട് പറഞ്ഞത്.

ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍.


MUST READ: ആശുപത്രിയില്‍ നിന്നും സിലിണ്ടര്‍ മോഷ്ടിച്ച് സ്വന്തം ക്ലിനിക്കിലേക്ക് കടത്തി; ഡോ. കഫീല്‍ ഖാനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്തകളായിരുന്നു പിന്നീട് പുറത്തുവന്നത്. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി