പാലാരിവട്ടം പാലം ഹിന്ദു പാലമോ? സംഘപരിവാരം നാണം കെട്ട് തലകുനിക്കുന്ന ഭക്തി
FB Notification
പാലാരിവട്ടം പാലം ഹിന്ദു പാലമോ? സംഘപരിവാരം നാണം കെട്ട് തലകുനിക്കുന്ന ഭക്തി
ഡോ. ആസാദ്
Monday, 28th September 2020, 11:18 am

പാലാരിവട്ടത്തെ പാലം ഹിന്ദു പാലമോ?

പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ തുടങ്ങുകയാണ്. തുടക്കം പൂജയോടെത്തന്നെ! ജനാധിപത്യ മതേതര സര്‍ക്കാറിന്റെ മതം പുറത്താവുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്ര വികസിച്ചാലും ഈ പൂണൂല്‍ പൗരോഹിത്യം ഒപ്പമില്ലാതെ വയ്യ!

വെറുതെയല്ല പാലം പൊളിയുന്നത്! ഇബ്രാഹിം കുട്ടിക്ക് ഒരു ഹിന്ദുപാലം പണിയാനാവില്ല! അതിനു സുധാകരനാണ് ഭേദം. കര്‍ക്കിടക മാസത്തില്‍ ആ ഭക്തി നിറഞ്ഞു വഴിയുന്നത് നാം കണ്ടതാണ്. മുഖ്യമന്ത്രിയെ രാമായണ മാസത്തിലാണോ വിമര്‍ശിക്കുന്നത് എന്ന അദ്ദേഹത്തിന്റെ അമ്പരപ്പും ഉത്ക്കണ്ഠയും നമ്മെ വിസ്മയിപ്പിച്ചതുമാണ്. സംഘപരിവാരം നാണം കെട്ടു തലകുനിക്കുന്ന ഭക്തിയാണിത്.

കേരളം ഒരു ഹിന്ദു ഭൂരിപക്ഷ സമൂഹമല്ല. ന്യൂനപക്ഷ വിഭാഗങ്ങളാണ് ഭൂരിപക്ഷം. പല സാംസ്‌കാരിക ധാരകളുണ്ട്. സര്‍ക്കാറിനു മാത്രമായി ഒരു മതം നിശ്ചയിക്കപ്പെട്ടിട്ടില്ല. നമ്മുടേത് മത രാഷ്ട്രവുമല്ല. മത ദേശീയതയും മതേതര ദേശീയതയും വേറെവേറെയാണ്.

പാലം പൊളിക്കുന്നത് മുഖ്യമന്ത്രിക്കോ മരാമത്ത് മന്ത്രിക്കോ ഉദ്ഘാടനം ചെയ്യാം. അവര്‍ക്കു പൂജ നിര്‍ബന്ധമാണെങ്കില്‍ അത് അവരുടെ വീടുകളിലാവാം. ബ്രാഹ്മണിക്കല്‍ ആചാരങ്ങളെ പൊതുജീവിതത്തില്‍ ചേര്‍ത്തു കെട്ടരുത്. വിശ്വാസം വ്യക്തിപരമാവണം.

ജനങ്ങളുടെ സമ്പത്ത് അധികാരികള്‍ ദുരുപയോഗം ചെയ്തതിന്റെ സ്മാരകമായ പാലം പൊളിക്കാന്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടം മതിയാവുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതിനു പാലത്തെ മതത്തില്‍ ചേര്‍ക്കേണ്ട. മതാചാരവും പൂണൂല്‍ മഹിമയും നമ്മുടെ പൊതുസംസ്‌കാരത്തിന്റെ ഭാഗമെന്ന ഗിരിപ്രഭാഷണങ്ങളും വേണ്ട.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dr. Azad against the puja ceremony held before the demolition of Palarivattom Flyover