ന്യൂദല്‍ഹി: എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും കുടുംബത്തിനും ലഭിച്ചത് 10 വര്‍ഷം പഴക്കമുള്ള ടാറ്റ സഫാരി കാറുകളും പൊലീസ് സുരക്ഷയും. എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു.
നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമുള്ള സെഡ് പ്ലസ് കാറ്റഗറിയാണ് സോണിയക്കും മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂവായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു എസ്.പി.ജി പ്രകാരം ഉണ്ടായിരുന്നത്.
1991-ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് രാജ്യത്തു നിലവിലുള്ള ഏറ്റവും വലിയ സുരക്ഷ നെഹ്‌റു കുടുംബത്തിന് ഏര്‍പ്പെടുത്തിത്തുടങ്ങിയത്.
കമാന്‍ഡോ സുരക്ഷ മാത്രമല്ല, സെഡ് കാറ്റഗറി ലഭിക്കുന്ന വി.വി.ഐ.പികള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലം നേരത്തേ തന്നെ സൂക്ഷ്മമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതും എസ്.പി.ജിയുടെ പ്രത്യേകതയാണ്. മാത്രമല്ല, വി.വി.ഐ.പികളുടെ വീടുകളില്‍ 24 മണിക്കൂറും എസ്.പി.ജികള്‍ ഉണ്ടാകും. അവര്‍ക്കൊപ്പം യാത്രകളിലും ഭാഗമാകും.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷയും നേരത്തേ കുറച്ചിരുന്നു. അദ്ദേഹത്തിന്റെ സായുധ സംവിധാനമുള്ള കാര്‍ മാറ്റി ഇപ്പോള്‍ ബി.എം.ഡബ്ലു കാറാണു നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിയാണ് എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിനെതിരെ ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്. അവര്‍ ചെയ്ത തെറ്റ് എന്താണെന്നും സര്‍ക്കാര്‍ എന്തിനാണ് പ്രതിപക്ഷത്തെ ഉന്നംവെക്കുന്നതെന്നും അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.