'യുദ്ധം വേണ്ട, അത് എന്റെ മകനെപ്പോലെ ഒരുപാട് മക്കളെ കൊല്ലും' ഉറിയില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് പറയുന്നു
Daily News
'യുദ്ധം വേണ്ട, അത് എന്റെ മകനെപ്പോലെ ഒരുപാട് മക്കളെ കൊല്ലും' ഉറിയില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2016, 1:29 pm

കൊല്‍ക്കത്ത:  ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ യുദ്ധത്തിലേക്ക് പോകരുതേ എന്ന അപേക്ഷയുമായി ഉറിയില്‍ കൊല്ലപ്പെട്ട സൈനികന്റെ പിതാവ്. സെപ്റ്റംബര്‍ 18ന് നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഗംഗാധര്‍ എന്ന സൈനികന്റെ പിതാവ് ഓംകാമത് ദൊലൂയ് ആണ് ഇത്തരമൊരു അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

“എന്റെ മകന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് എനിക്കുറപ്പാണ്. പക്ഷെ ഞാന്‍ പറയുന്നത് കേട്ടാലും, ഞാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. അത് ഇരുഭാഗത്തുനിന്നും എന്റെ മകനെപ്പോലുള്ള എണ്ണമറ്റ ജീവനുകള്‍ നഷ്ടമാക്കാന്‍ ഇടയാക്കും.” ദൊലൂയ് പറഞ്ഞു.

” ചര്‍ച്ചയിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതാണ് ഏറ്റവും അഭികാമ്യം. തോക്കുകള്‍ ഇരുഭാഗത്തെയും പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുകയേ ഉള്ളൂ.” അദ്ദേഹം വ്യക്തമാക്കി.

കൂലിവേലക്കാരനാണ് ദൊലൂയ്. രണ്ടുവര്‍ഷം മുമ്പാണ് ഗംഗാധറിന് ജോലി ലഭിച്ചത്. കുടുംബത്തിന്റെ ദാരിദ്ര്യമെല്ലാം അതോടെ മാറുമെന്ന പ്രതീക്ഷയായിരുന്നു. മകന്‍ ഗംഗാധറിന്റെ മരണത്തെക്കാള്‍ വലിയ ദുരന്തമൊന്നും തങ്ങള്‍ക്ക് സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.