അലിഗഢ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) എതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. വിവേചനപരമായ പൗരത്വ ഭേദഗതി നിയമവും രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന ചര്‍ച്ചകളും മുസ്‌ലിങ്ങളില്‍ ഭയമുണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ദ ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഭയം എന്നതിലുപരിയായി ഇവിടെ ഒരു അപമാനമാണുള്ളത്. പ്രത്യേകിച്ച് വിവേചനത്തിനും അടിച്ചമര്‍ത്തലിനും ഇരകളാകുന്ന പാവങ്ങള്‍ക്ക്. കാരണം, ഈ ബില്ലിനു ശേഷം വരുന്ന ഏതു പൗരത്വ രജിസ്റ്ററും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത് മുസ്‌ലിങ്ങളിലായിരിക്കും.
ഒരുപക്ഷേ നേപ്പാളി ഹിന്ദുക്കളെയോ ശ്രീലങ്കന്‍ തമിഴരെയോ അതു ബാധിക്കുമായിരിക്കും. പക്ഷേ അടിസ്ഥാനപരമായി അത് മുസ്‌ലിങ്ങള്‍ക്കെതിരാണ്.
ബി.ജെ.പി സര്‍ക്കാരിനു രാജ്യത്തൊട്ടാകെ ഒരു പൗരത്വ ചാര്‍ട്ടര്‍ ഉണ്ടാകുമെന്നു ഞാന്‍ കരുതുന്നില്ല. അവര്‍ ഓരോ സംസ്ഥാനങ്ങളില്‍പ്പോയി എങ്ങനെയാണ് മുസ്‌ലിങ്ങളില്‍ ഇതു നടപ്പാക്കുകയെന്നു പറയും.
ഞാനുദ്ദേശിച്ചത്, ഭരണഘടനയുടെ ഒരനുവാദവുമില്ലാതെ മുസ്‌ലിം ഭൂരിപക്ഷമായതിന്റെ പേരില്‍ മാത്രം ഒരു സംസ്ഥാനത്തെ അവര്‍ കേന്ദ്ര ഭരണ പ്രദേശമായി ചുരുക്കിയല്ലോ.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബ്രിട്ടനില്‍ ഇതു വളരെ കൃത്യമായി കണ്ടതാണ്. ആര്‍ട്ടിക്കിള്‍ 370 ലഘൂകരിച്ച ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ചതു കൊണ്ടുമാത്രം അവിടെ ഹിന്ദുക്കള്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ല. ‘കശ്മീര്‍ കാരണം ലേബറിന് ഹിന്ദുക്കള്‍ പരാജയം സമ്മാനിച്ചു’ എന്നായിരുന്നു ഒരു പത്രത്തിന്റെ തലക്കെട്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത് പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു ഭയക്കാനില്ലെന്നാണ്. എന്തിനാണ് അവര്‍ ഭയക്കാതിരിക്കേണ്ടത്? അദ്ദേഹം അവരെ ചിതലുകള്‍ എന്നാണു വിളിച്ചത്. അദ്ദേഹം പ്രതിയായിരുന്ന ഗുജറാത്ത് കലാപം അവര്‍ ഓര്‍ക്കുന്നില്ലേ?