ലാസ്റ്റ് കളിയാണെങ്കിലും, സബ് ആയിട്ടാണെങ്കിലും അവനെ ഇറക്കിയല്ലോ! പെരുത്ത് സന്തോഷം സഞ്ജൂ
IPL
ലാസ്റ്റ് കളിയാണെങ്കിലും, സബ് ആയിട്ടാണെങ്കിലും അവനെ ഇറക്കിയല്ലോ! പെരുത്ത് സന്തോഷം സഞ്ജൂ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 9:36 pm

ഐ.പിഎല്‍ 2023ലെ 66ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ധര്‍മശാലയില്‍ വെച്ചാണ് ഇരുടീമിന്റെയും അവസാന ലീഗ് ഘട്ട മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മികച്ച തുടക്കമായിരുന്നില്ല പഞ്ചാബിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ സെഞ്ചൂറിയന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ അഥര്‍വ തായ്‌ദെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാനും റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഇരുവരും പുറത്തായി.

പവര്‍ പ്ലേക്ക് ശേഷമുള്ള ആദ്യ ഓവറിലും രാജസ്ഥാന്‍ പഞ്ചാബിന് മേല്‍ കനത്ത പ്രഹരമേല്‍പിച്ചിരുന്നു. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ ലിയാം ലിവിങ്സ്റ്റണെ മടക്കി നവ്ദീപ് സൈനിയാണ് ടീമിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് പഞ്ചാബ് കിങ്‌സിന് ആശ്വസിക്കാന്‍ പോന്ന പ്രകടനമുണ്ടായത്. സാം കറനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ടീമിന് തുണയായത്.

ഒടുവില്‍ ടീം സ്‌കോര്‍ 114ല്‍ നില്‍ക്കവെ 28 പന്തില്‍ നിന്നും 44 റണ്‍സ് നേടിയ ജിതേഷ് ശര്‍മയുടെ വിക്കറ്റും പഞ്ചാബ് കിങ്‌സിന് നഷ്ടമായിരുന്നു. നവ്ദീപ് സെയ്‌നിയുടെ പന്തില്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജിതേഷ് മടങ്ങിയത്.

 

മികച്ച ക്യാച്ചിലൂടെ ശര്‍മയെ പുറത്താക്കിയ, ഇതുവരെ രാജസ്ഥാനൊപ്പം ഗ്രൗണ്ടില്‍ കണ്ടിട്ടില്ലാത്ത ആ താരം ആരാണെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. ഡൊണാവാന്‍ ഫെരേര എന്ന സൗത്ത് ആഫ്രിക്കന്‍ താരമായിരുന്നു അത്. മികച്ച ടി-20 സ്റ്റാറ്റ്‌സുണ്ടായിട്ടും രാജസ്ഥാന്‍ ഒറ്റ മത്സരത്തില്‍ പോലും ടീമില്‍ ഉള്‍പ്പെടുത്താത്ത താരമായിരുന്നു ഫെരേര.

ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ 20യില്‍ ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്.

ടി-20 ഫോര്‍മാറ്റിലും മികച്ച സ്റ്റാറ്റുകളാണ് താരത്തിനുള്ളത്. 27 മത്സരത്തിലെ 22 ഇന്നിങ്‌സില്‍ നിന്നും 47.76 ശരാശരിയില്‍ 621 റണ്‍സാണ് താരം നേടിയത്. എസ്.എ 20യില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെ നേടിയ 82* ആണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. സാം കറന്റെയും ജിതേഷ് ശര്‍മയുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷാരൂഖ് ഖാന്റെയും ഇന്നിങ്‌സാണ് പഞ്ചാബിന് തുണയായത്.

 

Content highlight: Donovan Ferreira dismiss Jitesh Sharma with a stunning catch