വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ പാര്‍ട്ടി പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന സദസ്സിന് മുന്‍പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം നിന്ന് തന്നെ പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു.
ക്യാപിറ്റോള്‍ കലാപം, ഇംപീച്ച്‌മെന്റ് തുടങ്ങി അതിനാടകീയ രംഗങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിച്ച് പടിയിറങ്ങിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന വാദം ആവര്‍ത്തിച്ചു. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ല. വൈറ്റ് ഹൗസ് അവര്‍ക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു ട്രംപ് പൊതുവേദിയില്‍ ആവര്‍ത്തിച്ചത്.
”ഞാന്‍ പുതിയ പാര്‍ട്ടി തുടങ്ങുന്നില്ല. അതൊരു വ്യാജ വാര്‍ത്തയായിരുന്നു,” എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കും. നമ്മള്‍ അമേരിക്കയെ രക്ഷിക്കുകയും, ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ട്രംപ് ആവര്‍ത്തിച്ചു.
നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യാന്‍ തുടങ്ങിയോ എന്ന് കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷനില്‍ ചോദിച്ച ട്രംപ് സെനറ്റിലെ ഇംപീച്ച്‌മെന്റ് നടപടികളില്‍ ട്രംപിനെതിരായി വോട്ട് ചെയ്ത പത്ത് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
90 മിനിറ്റോളമാണ് ട്രംപ് സംസാരിച്ചത്. ആര്‍ക്കറിയാം ഞാനവരെ മൂന്നാം തവണ പരാജയപ്പെടുത്തില്ല എന്ന് പറഞ്ഞാണ് ട്രംപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എന്ന തന്റെ ദൗത്യത്തെ പിന്തുണക്കുന്ന ലീഡര്‍മാര്‍ക്കെല്ലാം പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കിയിരുന്നു. ജനുവരി 20ന് അധികാരമൊഴിഞ്ഞതിന് ശേഷം തന്റെ ഫ്ളോറിഡ ക്ലബ്ബില്‍ തുടരുന്ന ട്രംപ് വിധിയെ സ്വാഗതം ചെയ്തിരുന്നു.
വിധിക്ക് പിന്നാലെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയാണ് ട്രംപ് നല്‍കിയിരുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ചരിത്രപരവും, ദേശസ്നേഹപരവുമായ ദൗത്യം വീണ്ടും ആരംഭിക്കുകയാണ് എന്ന് ട്രംപ് പ്രതികരിച്ചിരുന്നു.