ന്യൂദല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ഹിജാബ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ഒരു വിദ്യാര്‍ത്ഥിനി സമര്‍പ്പിച്ച ഹരജിയിന്മേലാണ് ജസ്റ്റിസ് എന്‍.വി. രമണ ഇക്കാര്യമറിയിച്ചത്. മതപരമായ ഒരു വസ്ത്രവും കോളേജുകളില്‍ അനുവദിക്കേണ്ടതില്ല എന്ന വിശാല ബെഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു വിദ്യാര്‍ത്ഥിനി സുപ്രീം കോടതിയെ സമീപിച്ചത്.
‘ഇതൊന്നും ദേശീയ തലത്തിലേക്ക് കൊണ്ടു വരേണ്ട ആവശ്യമില്ല. ഉചിതമായ സമയത്ത് മാത്രം വിഷയത്തില്‍ സുപ്രീം കോടതി ഇടപെടും,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അടിയന്തരമായി ഹിയറിംഗ് നടത്തേണ്ടതില്ലെന്ന് രമണ അറിയിച്ചത്.
കേസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കഴിഞ്ഞ 10 വര്‍ഷത്തിലധികമായി വിദ്യാര്‍ത്ഥിനികള്‍ ഹിജാബ്/ ശിരോവസ്ത്രം ധരിക്കുന്നവരാണെന്നും വാദിച്ച് ഹരജിക്കാരിയുടെ വക്കീല്‍ കേസ് പരിഗണിക്കാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും സുപ്രീം കോടതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
‘ദയവായി ഈ വിഷയം വലിയ തലങ്ങളിലേക്ക് കൊണ്ടുപോകരുത്. ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് കോടതിക്ക് വ്യക്തമായ ബോധ്യമുണ്ട്. ഈ വിഷയം ദേശീയ തലത്തിലേക്ക് കൊണ്ടുവരുന്നത് ശരിയായ നടപടിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്തെങ്കിലും തെറ്റായി നടന്നിട്ടുണ്ടെങ്കില്‍ അവയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും,’ രമണ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഹിജാബ് വിഷയത്തെ സംബന്ധിച്ച കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.
വിശാലബെഞ്ചാണ് ഹരജിയില്‍ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, സിംഗിള്‍ ബെഞ്ചിന്റെ പരിധിയിലുണ്ടായിരുന്ന കേസ്, കോടതി വിശാല ബെഞ്ചിന് സമര്‍പ്പിക്കുകയായിരുന്നു.
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.
ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി വിശാല ബെഞ്ച് വാദം കേള്‍ക്കുന്നത് തിങ്കളാഴ്ച തുടരും. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ പരിഗണിച്ചത്.
അതേസമയം, വിഷയം അന്താരാഷ്ട്ര തലങ്ങളിലും ചര്‍ച്ചയായിട്ടുണ്ട. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബ കര്‍ണാടയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോ പങ്കുവെച്ചായിരുന്നു താരം തന്റെ പ്രതികരണമറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നുമാണ് പോള്‍ പോഗ്ബ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.