national news
'ഹിമാചലിനെ മലിനമാക്കരുത്' ന്യൂനപക്ഷങ്ങൾ സംസ്ഥാനം വിട്ട് പോകണമെന്ന ഭീഷണി മുഴക്കി തീവ്ര ഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 01:20 am
Monday, 7th April 2025, 6:50 am

ഷിംല: ഹിമാചൽ പ്രദേശിൽ ന്യൂനപക്ഷങ്ങൾ സംസ്ഥാനം വിട്ട് പോകണമെന്നഭീഷണി മുഴക്കി തീവ്ര ഹിന്ദുത്വവാദികൾ. ഹിമാചൽ പ്രദേശിലെ
തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ചിലെ അംഗങ്ങളാണ് ഭീഷണിയുമായെത്തിയത്.

ഏപ്രിൽ ആറ് ഞായറാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, ഒരു കൂട്ടം മുസ്‌ലിങ്ങളെ ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങൾ ഭീഷണിപ്പെടുത്തുന്നത് കാണിക്കുന്നു. തീവ്ര ഹിന്ദുത്വവാദികൾ മുസ്‌ലിങ്ങളോട് അവരുടെ ആധാർ കാർഡുകളോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ കാണിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായി വീഡിയോയിൽ കാണാം.

ആവശ്യമായ തിരിച്ചറിയൽ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് മുസ്‌ലിങ്ങൾ മറുപടി നൽകുന്നുണ്ടെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കുന്നില്ല. തങ്ങൾ ഉത്തർപ്രദേശുകാരാണെന്ന് പറഞ്ഞ വരോട് ഹിമാചൽ പ്രദേശ് മലിനമാക്കരുതെന്നും അവിടം വിട്ട് പോകണമെന്നും ഹിന്ദിത്വ വാദികൾ ആവശ്യപ്പെടുന്നു.

‘ഈ പ്രദേശം മലിനമാക്കരുത്. നിങ്ങളിൽ ആരെയും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എത്രയും വേഗം സംസ്ഥാനം വിടുക. അല്ലെങ്കിൽ കാര്യങ്ങൾ വളരെ മോശമാകും,’ ഹിന്ദു ജാഗരൺ അംഗങ്ങൾ ഭീഷണി മുഴക്കി.

ഒരാഴ്ച മുമ്പ് സമാനമായ മറ്റൊരു സംഭവമുണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ പോണ്ട സാഹിബ് പ്രദേശത്ത് താമസിക്കുന്ന മുസ്‌ലിം കടയുടമകളെ തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനാ അംഗങ്ങൾ അവരുടെ കട അടച്ചുപൂട്ടി പ്രദേശം വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

മാർച്ച് 24ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ രുദ്രസേനയുടെ സ്ഥാപകനായ രാകേഷ് തോമർ ഏതാനും മുസ്‌ലിം കടയുടമകളോട് ഏഴ് ദിവസത്തിനുള്ളിൽ കടകൾ ഒഴിയാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നത് കാണാം.

 

Content Highlight: Don’t pollute Himachal’ Hindutva members ask minorities to leave state