ചെന്നൈ: ജനങ്ങള്‍ യാതൊരു ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മാത്രം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കരുതെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍.
ലോക്ഡൗണ്‍ നിയമങ്ങള്‍ ശരിയായി വായിച്ചുനോക്കണമെന്നും ഖുശ്ബു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
‘ഞാനുള്‍പ്പടെയുള്ള ജനങ്ങള്‍ യാതൊരു ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുമ്പോള്‍ മാത്രം സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ദയവായി ലോക്ഡൗണ്‍ നിയമങ്ങള്‍ വായിച്ചുനോക്കൂ’, ഖുശ്ബു ട്വിറ്ററിലെഴുതി.
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. രോഗികളുടെ എണ്ണം കൂടിയതോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്.
തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.
സംസ്ഥാനത്തെ എ.ടി.എമ്മുകളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഗതാഗതവും പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളും അനുവദിക്കുമെന്നും സ്റ്റാലിന്‍ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി.