ഒരു നടനേയും ആര്‍ക്കും വിലക്കാനാവില്ല; പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിലക്കണമെന്ന പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ
Entertainment news
ഒരു നടനേയും ആര്‍ക്കും വിലക്കാനാവില്ല; പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിലക്കണമെന്ന പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th October 2021, 7:05 pm

ഏറെ കാലത്തെ കൊവിഡ് നിയന്തണങ്ങള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പൃഥ്വിരാജ് ചിത്രങ്ങളെ വിലക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡോമിന്‍ ഇക്കാര്യം പറയുന്നത്.

‘ഒരു നടനെ എങ്ങിനെ ആണ് വിലക്കാന്‍ കഴിയുക? ആര്‍ക്കും ഒരു നടനെയോ, നടന്റെ ചിത്രങ്ങളെയോ വിലക്കാന്‍ കഴിയില്ല. തീയേറ്ററുകളില്‍ സിനിമ എന്ന കലാരൂപം ആസ്വദിക്കുന്നവരാണ് നാമോരോരുത്തരും എന്നതില്‍ സംശയമില്ല.

തിയേറ്ററിലെ ഇരുട്ടില്‍ ഒരുകൂട്ടം സിനിമ പ്രേമികളുടെ കൂടെ സിനിമ ആസ്വദിക്കുന്നതിന്റെ അത്രയും വരില്ലെങ്കിലും, അത് പോലെ തന്നെ ലോകത്തെവിടെ ഇരുന്നും, നാം ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ചു സിനിമകള്‍ കാണാന്‍ പറ്റിയ പ്ലാറ്റഫോമുകളിലേയ്ക്ക് അതനുസരിച്ചുള്ള സിനിമകള്‍ വരുന്നതും നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്.

ഇരുമേഖലകളും മുന്നോട്ട് വളരുകതന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല,’ എന്നാണ് ഡോമിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ഒക്ടോബര്‍ 29ന് തിയേറ്റര്‍ തുറന്നാല്‍ കേരളത്തിലെ തീയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’. ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സുവിന്‍ എസ്. സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

പൃഥ്വിരാജ് ചിത്രങ്ങള്‍ നിരന്തരമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് ചില തിയേറ്റര്‍ ഉടമകള്‍ പൃഥ്വിയുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിലക്കണമെന്ന് ആവശ്യമുയര്‍ത്തിയത്. തിയേറ്റര്‍ ഉടമകളുടെ യോഗത്തിലായിരുന്നു തിയേറ്റര്‍ ഉടമകള്‍ ഈ ആവശ്യം ഉ.ര്‍ത്തിയത്.

എന്നാല്‍ സാഹചര്യമാണ് അവരെ ഒ.ടി.ടി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞ് ദിലീപ് അടക്കമുള്ളവര്‍ പൃഥ്വിരാജിന് പിന്തുണയും നല്‍കിയിരുന്നു.

പൃഥ്വിയുടെ അവസാന മൂന്ന് ചിത്രങ്ങളും ഒ.ടി.ടിയിലൂടെയാണ് പുറത്തിറങ്ങിയത്. കോള്‍ഡ് കേസ്, കുരുതി, ഭ്രമം എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്ത് വന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Domin Dsilva supports Prithviraj on theatre ban