Covid 19 India
വേദാന്തയുടെ ഓക്‌സിജന്‍ വേണ്ട; കമ്പനി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഓടിച്ചു; തമിഴ്‌നാട്ടില്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 24, 02:56 am
Saturday, 24th April 2021, 8:26 am

ചെന്നൈ: തൂത്തുകുടിയില്‍ അടച്ചുപൂട്ടിയ വേദാന്തയുടെ പ്ലാന്റ് തുറന്ന് ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തൂത്തുകുടി കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചത്.

ചര്‍ച്ചയ്ക്കായി എത്തിയ കമ്പനി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും തിരികെ അയക്കുകയും ചെയ്തു. നേരത്തെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിച്ചാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ചു സൗജന്യമായി നല്‍കാമെന്ന് വേദാന്ത ഗ്രൂപ്പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ വേദാന്ത ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചാല്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് പ്ലാന്റ് സര്‍ക്കാരിന് ഏറ്റെടുത്ത് നടത്തിക്കൂടെ എന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ തമിഴ്‌നാട് സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2018 ല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവയ്പ്പില്‍ 13 പേരാണ് തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന്  മലിനീകരണ പ്രശ്‌നം ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിടുകയായിരുന്നു.

2019ല്‍ ചെന്നൈയിലെ ഒരു എന്‍.ജി.ഒ നടത്തിയ പരിസ്ഥിതി പഠനത്തില്‍ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചതിനുശേഷം ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

does not need Vedanta’s oxygen ; locals Protest at a meeting called by the Collector in Tamil Nadu