വൈദ്യുതി നിലച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ നവജാത ശിശുക്കളെ നഷ്ടപ്പെടും: ലോകത്തോട് സഹായമഭ്യര്‍ഥിച്ച് ഗസയിലെ ഡോക്ടര്‍മാര്‍
World News
വൈദ്യുതി നിലച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ നവജാത ശിശുക്കളെ നഷ്ടപ്പെടും: ലോകത്തോട് സഹായമഭ്യര്‍ഥിച്ച് ഗസയിലെ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd October 2023, 9:58 pm

ഗസ: ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസയിലെ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ ജീവന് വേണ്ടി മല്ലിടുന്നു. ആശുപത്രി ഇന്‍കുബേറ്ററുകളില്‍ 130 നവജാത ശിശുക്കള്‍ ഉണ്ടെന്നും അവരുടെ പരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയിലേക്ക് പ്രാഥമിക മരുന്നുകളും മറ്റും അയക്കണമെന്നും അല്ലെങ്കില്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നും അല്‍-ഷിഫ ആശുപതിയിലെ ഡോക്ടര്‍ നാസര്‍ ബുള്‍ബുള്‍ പറഞ്ഞു. വൈദ്യുതി നിലച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ 55 കുഞ്ഞുങ്ങളുടെ ജീവന്‍ ഭീഷണിയില്‍ ആവുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഗസയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയില്‍ ഇന്ധനം തീര്‍ന്നതായും ലോകം മുഴുവന്‍ തങ്ങളെ സഹായിക്കണമെന്നും ഗസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്ര ആവശ്യപ്പെട്ടു.

ഫലസ്തീനിയന്‍ എന്‍ക്ലേവില്‍ 2.3 ദശലക്ഷം ആളുകള്‍ വെള്ളത്തിനായും ഭക്ഷണത്തിനായും മരുന്നുകള്‍ക്കുമായി ബുദ്ധിമുട്ടുകയാണെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഗസയില്‍ മാത്രമായി 2055 കുട്ടികളും 24 മണിക്കൂറിനുള്ളില്‍ 182 കുട്ടികളും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇസ്രഈലിന്റെ ബോംബാക്രമണത്തില്‍ പരിക്കേറ്റ അമ്മയെയും 11 അംഗകുടുംബത്തെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഷിഫ ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ആ കുടുംബത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞ നവജാതശിശുവിന് പേരിടാനായി ബന്ധുക്കള്‍ ആരെങ്കിലും എത്തുമെന്നും ഭാവിയില്‍ കുഞ്ഞിനെ ആരായിരിക്കും പരിപാലിക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Content Highlight: Doctors are appealing to the world to help Gaza’s hospitals save the babies