കണ്ണൂര്‍: രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം. സുധീരന്‍ രാജി വെച്ചത് എന്താണെന്ന് അറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഫോണിലൂടെ രാജിവെക്കുകയാണന്ന് അറിയിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താം. സുധീരനുമായി ചര്‍ച്ചയുണ്ടാവുമോയെന്ന ചോദ്യത്തിന് കത്ത് നോക്കിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. പുന:സംഘടനയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് തവണ ഇക്കാര്യത്തില്‍ വി.എം.സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.ആവശ്യത്തിന് ചര്‍ച്ചകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ സ്വീകരിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് വി.എം. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത്.
ശാരീരിക അസ്വസ്ഥതകളുണ്ടെന്നാണ് സുധാകരനെ ഫോണില്‍ വിളിച്ച് സുധീരന്‍ അറിയിച്ചിരിക്കുന്നത്. കെ.പി.സി.സിയിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളില്‍ ഒന്നാണ് രാഷ്ട്രീയകാര്യ സമിതി.
കെ.പി.സി.സിയിലെ ഉന്നതധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു.
കെ.പി.സി.സിയുടെ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് താനടക്കമുള്ളവരെ ഒഴിവാക്കിയതായും സുധീരന്‍ പറയുന്നു. താന്‍ കോണ്‍ഗ്രസിന്റ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നാണ് വി.എം.സുധീരന്‍ പറഞ്ഞത്.
കെ.പി.സി.സി പുന:സംഘടനാ ചര്‍ച്ച സജീവമായിരിക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നുണ്ട്.
ഇതിനിടെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി സുധീരന്റെ രാജി.