ഉരുള്‍പൊട്ടലിലുരുകി വയനാട്; അനുശോചനവും സഹായവുമറിയിച്ച് ഡി.കെ. ശിവകുമാര്‍
Kerala News
ഉരുള്‍പൊട്ടലിലുരുകി വയനാട്; അനുശോചനവും സഹായവുമറിയിച്ച് ഡി.കെ. ശിവകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 4:37 pm

ബെംഗളൂരു: വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷക്കായി പ്രാർത്ഥിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി കേരളത്തിന് പിന്തുണയറിയിച്ചത്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇതിനോടകം കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതബാധിതര്‍ക്ക് കഴിയുന്നത്ര സഹായം നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകീകൃതമായ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അനുശോചനം അറിയിച്ചിരുന്നു.

‘ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് കേരളത്തിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കര്‍ണാടക പ്രതിജ്ഞാബദ്ധമാണ്. ഐക്യത്തോടെയും കരുത്തോടെയും ദുരന്തത്തെ നേരിടാമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കര്‍ണാടക മുഖ്യമന്ത്രി കേരളത്തിന് പിന്തുണ അറിയിച്ചത്.

കേരളത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ലോക്‌സഭാ സമ്മേളനം നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: DK Shivakumar reacts to Wayanad landslide