ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ ലിവര്‍പൂളില്‍ കളിക്കണമെന്ന് മുന്‍ താരം ജിബ്രീല്‍ സിസ്സെ. അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബിലാണ് കളിക്കേണ്ടതെന്നും താരത്തിന്റെ അമ്മയ്ക്ക് അതാണിഷ്ടമെന്നും സിസ്സെ പറഞ്ഞു. ദ സ്‌പോര്‍ട്‌സ് സൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് എംബാപ്പെ. അവനെ ലിവര്‍പൂളില്‍ കളിച്ച് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എംബാപ്പെ ഇംഗ്ലീഷ് ഫുട്‌ബോളിന് വേണ്ടി ഉണ്ടായതാണെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കറിയാം അവന്‍ റയല്‍ മാഡ്രിഡില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്ന്. പക്ഷെ അദ്ദേഹം ആന്‍ഫീല്‍ഡില്‍ കളിക്കുമ്പോള്‍ അത് ടീമിനും പ്രീമിയര്‍ ലീഗിനും ഒരുപാട് ഗുണം ചെയ്യും. എംബാപ്പെയുടെ അമ്മക്കും അതാണിഷ്ടം. നല്ല കുട്ടിയായി അമ്മ പറയുന്നതനുസരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്,’ സിസ്സെ പറഞ്ഞു.
മുമ്പ് ലിവര്‍പൂളില്‍ കളിക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിരുന്നെന്നും കാരണം അത് തന്റെ അമ്മയുടെ ക്ലബ്ബ് ആണെന്നും എംബാപ്പെ നേരത്തെ പറഞ്ഞിരുന്നു. ഡെയ്‌ലി ടെലിഗ്രാഫിനോടാണ് എംബാപ്പെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ലിവര്‍പൂള്‍ എന്റെ അമ്മക്ക് ഒരുപാട് ഇഷ്ടമുള്ള ക്ലബ്ബാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. അഞ്ച് വര്‍ഷം മുമ്പ് ഞങ്ങള്‍ ലിവര്‍പൂളില്‍ പോയിരുന്നു. ഞാന്‍ മൊണാക്കോയിലായിരുന്ന സമയത്ത് അവിടെയുള്ളവരെ കണ്ടുമുട്ടിയിരുന്നു. ലിവര്‍പൂള്‍ വലിയൊരു ക്ലബ്ബാണ്,’ എംബാപ്പെ പറഞ്ഞു.
അതേസമയം, പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.