തിരുവനന്തപുരം: തലസ്ഥാനത്ത് വരുന്ന മൂന്നാഴ്ചക്കുള്ളില്‍ തീവ്ര രോഗവ്യാപനത്തിന് സാധ്യതയെന്ന് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്നും ഇതിനെ പ്രതിരോധിക്കുന്നതിനായി പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിംഗ് ഖോസ അറിയിച്ചു.
തിരുവനന്തപുരത്ത് 95 ശതമാനവും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിക്കുന്നതെന്നും അതില്‍ 15 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗലക്ഷണമുള്ളതെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ജില്ലയിലെ 29 ക്ലസ്റ്ററുകളിലെ 14 എണ്ണത്തിലും നൂറിലധികം കേസുകള്‍ വീതമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹവ്യാപനം തടയുന്നതിനായി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ ഇന്ന് 12 പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോവളം സ്‌റ്റേഷനിലെ നാല് പൊലീസുകാര്‍ക്കും വിഴിഞ്ഞം സ്റ്റേഷനില്‍ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ പത്തും തിരുവനന്തപുരം ജില്ലയിലാണ്.
ജില്ലയില്‍ ഇന്ന് 391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 2375 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് 303 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക