തിരുവനന്തപുരം: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ആശാ പ്രവര്‍ത്തകരുടെ നേതൃത്വം നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. ആരോഗ്യ ഡയറക്ടറുമായുള്ള ആശമാരുടെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ആശാ പ്രവര്‍ത്തകരെ ആരോഗ്യമന്ത്രി നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ചത്.
ഇന്ന് (ബുധന്‍) രാവിലെയാണ് ആശാ പ്രവര്‍ത്തകരും ആരോഗ്യ ഡയറക്ടറും തമ്മിലുള്ള ചര്‍ച്ച നടന്നത്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടതില്‍ ആശമാര്‍ നിരാശ അറിയിച്ചു.
വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ആശാ പ്രവര്‍ത്തകര്‍ അറിയിച്ചു. നാളെ (വ്യാഴം) 11 മണി മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ പ്രവർത്തക സമര സമിതി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓണറേറിയത്തിന്റെ നിബന്ധനകള്‍ നീക്കിയതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍, സമരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിയില്ലേയെന്നാണ് ആരോഗ്യ ഡയറക്ടറുമായുള്ള ചര്‍ച്ചയിൽ ആശാ പ്രവര്‍ത്തകരോട് ഉദ്യോഗസ്ഥര്‍ ചോദിച്ചത്.
സമാനമായ ചോദ്യമാണ് ആരോഗ്യമന്ത്രിയും ഉന്നയിച്ചതെന്നും ആശമാര്‍ പറയുന്നു.ചര്‍ച്ചയില്‍ ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ലെന്നും ഒരു ചര്‍ച്ച നടത്തിയെന്ന് വരുത്തുക മാത്രമാണ് മന്ത്രി ചെയ്തതെന്നും ആശാ പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാര്‍ കൂടെയുണ്ട്, കേന്ദ്രത്തോട് ചര്‍ച്ച ചെയ്യാമെന്നും തിരിച്ചു പോകണമെന്നുമാണ് മന്ത്രി പറയുന്നതെന്ന് ആശാ പ്രവര്‍ത്തകരുടെ സമരസമിതി നേതാവ് എസ്. മിനി പ്രതികരിച്ചു.
അതേസമയം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിനായുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലുന്നയിച്ച ആവശ്യങ്ങളിലൊന്നാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഓണറേറിയം നല്‍കുമ്പോള്‍ പാലിക്കേണ്ട പത്ത് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
ഇതില്‍ നിന്ന് നിശ്ചിത പ്രവര്‍ത്തന മേഖല, ഇന്‍സെന്റീവ്, വീടുകള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് പിന്‍വലിച്ചത്. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇന്‍സെന്റീവ് പൂര്‍ണമായും ലഭിക്കുകയുള്ളൂവെന്ന മാനദണ്ഡമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
നിലവില്‍ പ്രതിമാസം 7,000 രൂപയാണ് ആശമാര്‍ക്ക് ഓണറേറിയമായി നിശ്ചയിച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ത്തീകരിച്ചാല്‍ മാത്രമാണ് ഓണറേറിയമായ 7000 രൂപ ആശമാര്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ ഇനിമുതല്‍ ഈ തുക ആശമാര്‍ക്ക് ഓണറേറിയമായി അനുവദിക്കുന്നതിന് മേല്‍പ്പറഞ്ഞ പ്രകാരം നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്തത്.
Content Highlight: Discussions with the Health Minister fail again; ASHA activists go on hunger strike