സംവരണം ദാരിദ്ര്യം തീര്‍ക്കാനുള്ള വഴിയല്ലെന്ന് സണ്ണി എം. കപിക്കാട്; ഇടതുപക്ഷത്തിന് പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ദളിതനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള
KLF
സംവരണം ദാരിദ്ര്യം തീര്‍ക്കാനുള്ള വഴിയല്ലെന്ന് സണ്ണി എം. കപിക്കാട്; ഇടതുപക്ഷത്തിന് പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ദളിതനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2018, 11:18 pm

കോഴിക്കോട്: ദാരിദ്ര്യം തീര്‍ക്കാനുള്ള വഴിയല്ല സംവരണമെന്ന് ദളിത് ചിന്തകന്‍ സണ്ണി എം. കപിക്കാട് പറഞ്ഞു. നീതിലഭിക്കാനുള്ള ഭരണഘടന തന്നെ നല്‍കിയ അവകാശമാണ് സംവരണം. അല്ലാതെ ഒരു വിഭാഗം എന്തെങ്കിലും നേടിയെടുക്കുന്നതല്ല. മെറിറ്റ് സാമൂഹികമായ നിര്‍മ്മിതിയാണ്. സംവരണം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ “സംവരണം സാമുഹികമോ സാമ്പത്തികമോ” എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. സണ്ണി എം. കപിക്കാടിനു പുറമെ ബി.ജെ.പി നേതാവ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, ദീപക് ശങ്കരനാരായണന്‍, എഴുത്തുകാരായ കെ.കെ കൊച്ച്, ജെ. രഘു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ബി.ജെ.പിക്ക് സ്വാധീനമുണ്ടെന്ന് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇടതു പക്ഷത്തിന് പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ദളിതനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംവരണമെന്ന വാക്കിനകത്ത് തന്നെ പ്രശ്നമുണ്ടെന്നാണ് ദീപക് ശങ്കരനാരായണന്‍ പറഞ്ഞത്. സംവരണം പ്രതിവിവേചനമാണ്. സംവരണ വിരുദ്ധത വ്യാപകമാകുന്നത് അത് അധികാരത്തിന്റെ തുടര്‍ച്ചയാണ്. പട്ടാളക്കാരന്റെ മകനായത് കൊണ്ടാണ് അംബേദ്കര്‍ക്ക് വിദേശത്ത് പോകാന്‍ കഴിഞ്ഞത്. സംവരണം തൊഴില്‍ നഷ്ടം വരുത്തും എന്നത് തെറ്റാണ്. അധികാരഘടനയിലെ ദളിതരുടെ സാന്നിധ്യം ഭയപ്പെടുത്തുന്നതു കൊണ്ടാണ് സംവരണ വിരുദ്ധത ഉണ്ടാകുന്നത്. അല്ലാതെ തൊഴില്‍ നഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

12 ശതമാനം വരുന്ന ദളിതര്‍ ഇപ്പോഴും 26,000 കോളനികളിലാണ് താമസിക്കുന്നതെന്ന് കെ.കെ കൊച്ച് പറഞ്ഞു. ഭൂപരിഷ്‌കരണത്തിലൂടെ ഭൂമി കിട്ടിയെന്ന് സി.പി.ഐ.എം പറയുന്നതിലെ പൊള്ളത്തരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് സര്‍വ്വകലാശാലയില്‍ സംവരണ വിരുദ്ധ സമരത്തിന്റെ ഭാഗമായി ദളിതിന്റെ മോക്ഓപറേഷന്‍ നടത്തി തലച്ചോറിനുളളില്‍ കളിമണ്ണാണ് എന്ന് പറഞ്ഞ സംഘടനയാണ് എ.ബി.വി.പിയെന്ന് ജെ. രഘു പറഞ്ഞു. ദളിതന്‍ മണ്ടനാണ് എന്ന് സ്ഥാപിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് തെറ്റാണെന്ന് വാദിച്ച ശ്രീധരന്‍ പിള്ളയോട് തെളിവ് നല്‍കാമെന്നും ജെ. രഘു പറഞ്ഞു.