Advertisement
Entertainment news
കൃഷ്ണ ചന്ദ്രന് വില്ലത്തരവും കൈവശമുണ്ടോ; പുതിയ വീഡിയോയിലെ പ്രകടനത്തിന് കയ്യടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 23, 04:16 pm
Saturday, 23rd December 2023, 9:46 pm

കരിക്കിന്റെ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ടാറ്റഡാഷ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ ഒരു ഗുണ്ട കാരണം പൊലീസുകാര്‍ക്കും രണ്ട് യുവാക്കള്‍ക്കും നേരിടേണ്ടിവരുന്ന പുകിലുകളാണ് പറയുന്നത്.

ശബരീഷ് സജ്ജിന്‍, ഉണ്ണി മാത്യൂസ്, ശ്രുതി സുരേഷ്, ആനന്ദ് മാത്യൂസ്, അനു കെ. അനിയന്‍, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവരാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ബിനോയ് ജോണാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കെ.സി, അഭിജിത്ത് കൃഷ്ണന്‍ എന്നിവരാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.

അതേസമയം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കൃഷ്ണ ചന്ദ്രന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൃഷ്ണ ചന്ദ്രന്റേത് അഭിനയമായിരുന്നില്ലെന്നും അദ്ദേഹം കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

കോമഡിയും ക്യാരക്ടര്‍ റോളുകളുമൊക്കെ പയറ്റിയ കൃഷ്ണ ചന്ദ്രന്‍ ടാറ്റഡാഷില്‍ ഗുണ്ടയായ വില്ലനായാണ് അഭിനയിച്ചത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും തോട്ടപാപ്പിയായി കൃഷ്ണ ചന്ദ്രന്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് വീഡിയോയില്‍ കാഴ്ചവെച്ചത്. അഭിനയത്തില്‍ മാത്രമല്ല, ഫൈറ്റ് രംഗങ്ങളിലും താരം സ്‌കോര്‍ ചെയ്തു.

മുമ്പ് സാമര്‍ത്ഥ്യ ശാസ്ത്രം സീരിസില്‍ കൃഷ്ണ ചന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു. 25 വയസുള്ള കൃഷ്ണ ചന്ദ്രന്‍ 40കളിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ അമ്പരപ്പോടെയാണ് കണ്ടിരുന്നത്.

അതേസമയം കൃഷ്ണ ചന്ദ്രന് പ്രശംസ ലഭിക്കുന്നുണ്ടെങ്കിലും പുതിയ വീഡിയോക്ക് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്. കരിക്കിന്റെ മുന്‍ വീഡിയോകളിലെ കോമഡി കുറഞ്ഞുവരികയാണെന്നും മേക്കിങ്ങില്‍ ക്വാളിറ്റി വന്നപ്പോള്‍ കണ്ടന്റില്‍ പിന്നോട്ട് പോയെന്നും അഭിപ്രായങ്ങളുണ്ട്. ഒടുവില്‍ വന്ന വീഡിയോകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ പുതിയത് മികച്ചതാണെന്ന് പറയുന്നവരുണ്ട്.

Content Highlight: Discussion in social media on the performance of krishna chandran