Advertisement
Entertainment
'എന്റെ പ്രായത്തെപ്പറ്റി നീ മറന്നുവെന്ന് മമ്മൂക്ക പറഞ്ഞു': ടര്‍ബോ സിനിമയുടെ ലോഞ്ചിങ് ചടങ്ങില്‍ വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 24, 10:42 am
Saturday, 24th February 2024, 4:12 pm

മലയാളികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ടര്‍ബോ. ഒരിടവേളക്ക് ശേഷം കംപ്ലീറ്റ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ വരുന്ന മമ്മൂട്ടി സിനിമ കൂടിയാണിത്. മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണ് ടര്‍ബോ. മധുരരാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുടെ കൂടെ ചേരുന്ന സിനിമ എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ.

സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ സിനിമകളുടെ സക്സസ് സെലിബ്രേഷന്‍ ചടങ്ങിലാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. പോസ്റ്റര്‍ റിലീസ് ചെയ്ത ശേഷം സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

‘ആദ്യം തന്നെ എനിക്ക് മമ്മൂക്കയോട് വലിയൊരു സോറിയാണ് പറയാനുള്ളത്. കാരണം, അത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടുണ്ട് ആ സിനിമയില്‍ മമ്മൂക്കയെ. ഞാനെന്റെ ഒരു സിനിമയിലും ആരെയും ഇത്രയ്ക്ക് കഷ്ടപ്പെടുത്തിയിട്ടില്ല. ഐ ആം സോ സോറി. ഒരു തവണ മമ്മൂക്ക എന്നോട് പറഞ്ഞു, നീ എന്റെ പ്രായം മറന്നു പോകുന്നു എന്ന്. അതിന് മറുപടിയായിട്ട് ഞാന്‍ പറഞ്ഞത്, ‘എനിക്ക് മമ്മൂക്കേടെ പ്രായം 45നും 50നും ഇടയിലാണ്’. എന്നാല്‍ അങ്ങനെ തന്നെ വിശ്വസിച്ചോ എന്ന് മമ്മൂക്ക പറഞ്ഞു.

സിനിമയിലെ കഥാപാത്രത്തിന്റെ പ്രായത്തിലൂടെ മാത്രമേ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുള്ളൂ. ആ ക്യാരക്ടര്‍ ചെയ്യുന്ന എല്ലാം ഞാന്‍ മമ്മൂക്കയെക്കൊണ്ട് ഞാന്‍ ചെയ്യിച്ചിട്ടുണ്ട്. ഒരുപാട് ദിവസം മൂന്ന് മണി വരെയും നാല് മണി വരെയും ഷൂട്ട് ചെയ്ത് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ വിശ്വാസവും മമ്മൂക്ക തന്നെയാണ്,’ വൈശാഖ് പറഞ്ഞു.

കന്നഡ താരം രാജ്.ബി. ഷെട്ടിയും തെലുങ്ക് താരം സുനിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 102 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ട് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു

Content Highlight: Director Vyshakh Apologies to Mammootty