Advertisement
Entertainment
മമ്മൂക്കയുമായി സംസാരിക്കാറുണ്ടെന്ന് ചുമ്മാ തള്ളി; ആ ഗായികയുടെ നിര്‍ബന്ധത്തില്‍ മിസ് കോള്‍ അടിച്ച ഞാന്‍ പെട്ടു: തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി തന്റെ മൂന്നാമത്തെ ചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രം നാളെ തിയേറ്ററുകളില്‍ എത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് തരുണ്‍.

ആദ്യ ചിത്രമായ ഓപ്പറേഷന്‍ ജാവ കഴിഞ്ഞപ്പോള്‍ തന്നെ നടന്‍ മമ്മൂട്ടി തന്നെ ഇങ്ങോട്ട് വിളിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചൊക്കെ നേരത്തെ തരുണ്‍ സംസാരിച്ചിരുന്നു.

പിന്നീട് മമ്മൂട്ടിയുമായി ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന താന്‍ മമ്മൂക്കയെ കുറിച്ച് പറഞ്ഞ ഒരു തള്ളിനെ കുറിച്ചും ഒടുവില്‍ പെട്ടുപോയ ഒരു അനുഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍.

‘ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍, പടം കൊള്ളാം, വൈക്കത്ത് എവിടെയാണ് എന്നായിരുന്നു മമ്മൂക്കയുടെ മെസ്സേജ്. വൈക്കം ഇന്ന സ്ഥലത്താണ് എന്റെ വീട്, താങ്ക് യു മമ്മൂക്ക എന്ന് പറഞ്ഞ് ആ നമ്പര്‍ സേവ് ചെയ്തു.

ഒരിക്കല്‍ ഞാനും ബിനു ചേട്ടനും കൂടി സി.ബി.ഐയുടെ സെറ്റില്‍ പോയി മമ്മൂക്കയെ കണ്ടു. ജാവ ഇറങ്ങിയ സമയമാണ്. ജാവ നല്ല സിനിമയാണെന്നും അങ്ങനെയാണെന്നും ഇങ്ങനെയാണെന്നുമൊക്കെ പറഞ്ഞ് ആ ക്രൂവിന്റെ മുന്‍പില്‍ വെച്ച് ഞങ്ങള്‍ക്ക് ഒരു അഭിനന്ദനം കിട്ടി.

അതിന് ശേഷം സൗദി വെള്ളക്ക കഴിഞ്ഞ ശേഷം റിലീസിന് തൊട്ട് മുന്‍പ് രണ്ട് മൂന്ന് മാസത്തെ ഗ്യാപ് ഉണ്ടായിരുന്നു. ആ ഗ്യാപ്പില്‍ ഒരു ഓണം സമയത്താണ് മമ്മൂക്ക മെസ്സേജ് അയക്കുന്നത്.

നമുക്കൊരു പടം ചെയ്യേണ്ടേ എടാ എന്ന് ചോദിച്ചിട്ട്. എനിക്ക് കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. മമ്മൂക്കാ, രണ്ട് മൂന്ന് ആലോചനകള്‍ ഉണ്ട്. മെറ്റീരിയല്‍ ആയിട്ടില്ല. എത്രയും പെട്ടെന്ന് സ്‌ക്രീന്‍ പ്ലേ ആക്കിയ ശേഷം ഞാന്‍ വരാമെന്ന് പറഞ്ഞ് വോയ്‌സ് മെസ്സേജ് അയച്ച് ഞാന്‍ നിര്‍ത്തി.

ഇടയ്ക്ക് ഞാനും വൈക്കം വിജയലക്ഷ്മിയും വൈക്കത്ത് ഒരു പരിപാടി അറ്റന്റ്ഡ് ചെയ്യുകയാണ്. വിജയലക്ഷ്മി എന്നോട് മമ്മൂക്ക വിളിക്കാറുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പെട്ടെന്ന് ആ വിളിക്കാറുണ്ട് എന്ന് ചുമ്മാ ഒരു തട്ടങ്ങ് തട്ടി. ചുമ്മാ തള്ളിയതാണ്.

ആണോ, എനിക്കൊന്ന് വിളിച്ച് തരാമോ എന്ന് ചോദിച്ചു. ഞാന്‍ പെട്ടു. പണി പാളിയെന്ന് മനസിലായി. ഞാന്‍ അവിടെ ഇരുന്നിട്ട് എന്തു ചെയ്യണമെന്നായി. വിജയലക്ഷ്മി ആണെങ്കില്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ ഒന്നു വിളിക്ക്വോ പ്ലീസ് മമ്മൂക്കയോട് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റേജില്‍ ഇരുന്ന് ഒരു റിങ് അടിച്ചു, വളരെ ബുദ്ധിമുട്ടിയിട്ട്. മമ്മൂക്ക പിക്ക് ചെയ്തില്ല. മമ്മൂക്ക എടുക്കുന്നില്ല, നല്ല തിരക്കായിരിക്കും വിജയലക്ഷ്മി എന്ന് പറഞ്ഞു.

അയ്യോ ഒന്നും കൂടി വിളിച്ചു നോക്കൂ എന്നായി അവര്‍. ഞാന്‍ പിന്നെ ഡയല്‍ ചെയ്തില്ല. അത് കഴിഞ്ഞ് വീട്ടിലെത്തി. വൈകീട്ട് ആറ് മണിയായപ്പോഴേക്ക് ഒരു കോള്‍ നോക്കുമ്പോള്‍ മമ്മൂക്ക കോളിങ്. എനിക്ക് തിരിച്ച് കോള്‍ വരുകയാണ്.

വിജയലക്ഷ്മിയും ഇല്ല ആരും ഇല്ല. ഞാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ ഒടുവില്‍ ഫോണെടുത്തു. മമ്മൂക്ക എന്ന് വിളിച്ചപ്പോള്‍, എന്താണ് മിസ്റ്റര്‍ മൂര്‍ത്തീ, കഥയായോ? എന്ന് ചോദിച്ചു.

കഥ ആയില്ല മമ്മൂക്ക, ഞാന്‍ വിജയ ലക്ഷ്മിയുടെ കൂടെ ഒരു പ്രോഗ്രാമില്‍ ഇരിക്കുമ്പോള്‍ അവര്‍ മമ്മൂക്കയോട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതാണ് വിളിച്ചത് എന്ന് പറഞ്ഞപ്പോള്‍ ഓക്കെ വിജയലക്ഷ്മിയെ ഞാന്‍ വിളിച്ചോളാം എന്ന് പറഞ്ഞ് കട്ട് ചെയ്തു.

എന്നാലും ആദ്യത്തെ ചോദ്യം എന്താണ് മിസ്റ്റര്‍ മൂര്‍ത്തീ, കഥയായോ എന്നുള്ളതായിരുന്നു. പിന്നെ സിനിമ ഇറങ്ങി നല്ല അഭിപ്രായം വന്നപ്പോഴും അദ്ദേഹം മെസ്സേജ് അയച്ചു.

സിനിമയ്ക്ക് സ്‌റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴുമൊക്കെ അദ്ദേഹത്തിന്റെ മെസ്സേജ് വരാറുണ്ട്. നമ്മള്‍ അങ്ങോട്ട് വിളിക്കാനോ മെസ്സേജ് അയക്കാനോ മുതിരാറില്ല.

മമ്മൂക്കയെപ്പോലെ എക്‌സ്പിരിമെന്റല്‍ ആയ ഒരു ആക്ടറുടെ അടുത്ത് പോയി നമ്മള്‍ വെള്ളം കുടിക്കരുതല്ലോ. ഒരു സിനിമ എങ്ങനെയെങ്കിലും എടുക്കണമെന്ന് കരുതി ഞാന്‍ മമ്മൂക്കയുടെ അടുക്കല്‍ പോകില്ല.

അത്രയും എക്‌സൈറ്റിങ് ആയ എന്തെങ്കിലും വന്നാല്‍ മാത്രമേ പോകുള്ളൂ. അത് എനിക്ക് പേഴ്‌സണലി ഒരു മെമ്മറബിള്‍ ജേര്‍ണിയായിരിക്കണം. അല്ലെങ്കില്‍ അതൊരു അര്‍ത്ഥമില്ലാത്ത യാത്രയായിരിക്കും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Director Tharun Mooethy about Mnammootty and an un expected call