ക്രോണിക് ബാച്ചിലറിലെ ആ ഹെയര്‍സ്റ്റൈല്‍ മമ്മൂക്കയുടെ തീരുമാനമായിരുന്നു; തിയേറ്ററില്‍ ആളുകള്‍ കൂവുമെന്ന് പറഞ്ഞവരോടുള്ള അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു
2003ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. അതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി സിനിമയിലെത്തിയത്. സിനിമയിലെ കഥാപാത്രത്തിന്റെ ഹെയര്‍സ്റ്റൈലും ഗെറ്റപ്പും മമ്മൂട്ടിയുടെ സജഷന്‍ തന്നെയായിരുന്നുവെന്നാണ് സംവിധായകന്‍ സിദ്ദീഖ് സഫാരി ടി.വിയിലൂടെ പറയുന്നത്.
”ക്രോണിക് ബാച്ചിലര്‍ കണ്ട എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും മമ്മൂക്കയുടെ ഗെറ്റപ്പ്. കുറേ കാലങ്ങള്‍ക്ക് ശേഷമാണ് അത്തരമൊരു മമ്മൂക്കയെ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ കഴിയുന്നത്.
വളരെ സുമുഖനായ സുന്ദരനായ മമ്മൂക്കയെയാണ് ആ സിനിമയില്‍ കൊണ്ടുവന്നത്. അതിന് മുമ്പുള്ള മമ്മൂട്ടിയുടെ സിനിമകളെല്ലാം പരാജയ ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ക്രോണിക് ബാച്ചിലറില്‍ മമ്മൂക്കയുടെ വളരെ വ്യത്യസ്തമായ പോസ്റ്റര്‍ കൊണ്ടുവരാന്‍ സാധിച്ചു.
അതിന്റെ ക്രെഡിറ്റ് മുഴുവന്‍ മമ്മൂക്കക്ക് ഉള്ളതാണ്. അതിലെ ഹെയര്‍സ്‌റ്റൈല്‍ മമ്മൂക്കയുടെ സജഷന്‍ തന്നെയാണ്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അതില്‍ ഒരു ഭയമുണ്ടായിരുന്നു. സെറ്റില്‍ വന്ന മലയാളത്തിലെ മറ്റ് ഡയറക്‌ടെസെല്ലാം അതില്‍ ഭയം പ്രകടിപ്പിച്ചു. കുഴപ്പമാകുമോ എന്നായിരുന്നു അവര്‍ ചോദിച്ചത്.
കോസ്റ്റിയൂമും ഹെയര്‍സ്‌റ്റൈലും ഒരു പയ്യന്റെ പോലെയാണ് ഇരിക്കുന്നതെന്ന് പലരും പറഞ്ഞിരുന്നു. ആളുകള്‍ തിയേറ്ററില്‍ കൂകി വിളിക്കുമോ എന്നും ചോദിച്ചു. അതുംകൂടിയായപ്പോള്‍ എനിക്കും ടെന്‍ഷനായി.
ഞാന്‍ മമ്മൂക്കയോട് ഈ കാര്യം പറഞ്ഞു. മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അത് എനിക്ക് വിട്ടേക്കെന്ന്. ആ കോണ്‍ഫിഡന്‍സാണ് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നാനുള്ള പ്രധാന കാരണം. അതായത് വളരെ മുമ്പ് തന്നെ മുന്‍കൂട്ടി കാണാനും സിനിമയിലെ കഥാപാത്രത്തെ ഞാന്‍ ഇങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹം ഉറപ്പിച്ച് കഴിഞ്ഞിരുന്നു.
വേഷം, ഹെയര്‍സ്റ്റൈല്‍ എന്നിങ്ങനെയെല്ലാത്തിലും വെല്‍ പ്ലാന്‍ഡായിരുന്നു മമ്മൂക്ക. സിനിമയിലെ ഓരോ സീനും അദ്ദേഹം അഭിനയിക്കുമ്പോള്‍ അതെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നു.
ഡയറക്ടര്‍ ഒരു കഥാപാത്രത്തെ ഉണ്ടാക്കി കഴിഞ്ഞാല്‍ അതില്‍ എന്ത് സംഭാവനയാണ് ഒരു നടന് ചെയ്യാന്‍ കഴിയുക എന്നതിന്റെ ഉദാഹരണമാണ് ക്രോണിക് ബാച്ചിലര്‍.
മമ്മൂക്കയുടെ ഹെയര്‍സ്‌റ്റൈലും ഗെറ്റപ്പും കൂടാതെ പെര്‍ഫോമന്‍സിന്റെ മിതത്വവും എല്ലാം അദ്ദേഹത്തിന്റെ സജഷനാണ്. അതിന് മുമ്പ് അദ്ദേഹം അവതരിപ്പിച്ച സിനിമകളില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ട കഥാപാത്രമായത് കൊണ്ടാണ് വലിയ വിജയമാകാന്‍ ക്രോണിക് ബാച്ചിലറിന് സാധിച്ചത്,” സിദ്ദീഖ് പറഞ്ഞു.
Content Highlight: Director siddique about chronic bachelor movie and mammotty hair style