ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും ആ പ്രശ്നം പറഞ്ഞില്ല; ബോഡിഗാര്‍ഡ് മുതലാണ് പ്രശ്നം തുടങ്ങിയത്: സിദ്ദിഖ് പറയുന്നു
Entertainment
ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും ആ പ്രശ്നം പറഞ്ഞില്ല; ബോഡിഗാര്‍ഡ് മുതലാണ് പ്രശ്നം തുടങ്ങിയത്: സിദ്ദിഖ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd June 2021, 12:39 pm

സ്വതന്ത്രമായി സംവിധാനം ചെയ്യാന്‍ ആരംഭിച്ചതിന് ശേഷം പ്രേക്ഷകരില്‍ നിന്നുമുണ്ടായ പ്രതികരണങ്ങളെ കുറിച്ചും അതില്‍ വന്ന വ്യത്യാസങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് സിദ്ദിഖ്. സിദ്ദിഖ് – ലാല്‍ കൂട്ടുക്കെട്ടില്‍ സിനിമ ചെയ്യണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.

എന്നാല്‍ താന്‍ സ്വതന്ത്രമായി ചെയ്ത സിനിമകളില്‍ തമാശയുടെ അളവ് കുറഞ്ഞു വന്നപ്പോഴാണ് ലാലിനൊപ്പം സിനിമ ചെയ്യണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒറ്റയ്ക്ക് സിനിമ എടുക്കാന്‍ തുടങ്ങിയത് ഹിറ്റ്ലര്‍ മുതലാണ്. പക്ഷേ ഇപ്പോള്‍ പറയുന്ന പ്രശ്നം ഹിറ്റ്ലറിനോ ഫ്രണ്ട്സിനോ ക്രോണിക് ബാച്ചിലറിനോ ആരും പറഞ്ഞിട്ടില്ല. ബോഡി ഗാര്‍ഡ് മുതല്‍ ഞാന്‍ സീരിയസാകാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളൊക്കെ പറഞ്ഞുതുടങ്ങിയത്. ഹ്യൂമറിന്റെ അളവ് കുറയുന്നതാണ് പ്രശ്നം,’ സിദ്ദിഖ് പറഞ്ഞു.

ലാലുമായി ചേര്‍ന്ന് സിനിമ ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂവെന്നും സിദ്ദിഖ് പറഞ്ഞു. ഞങ്ങള്‍ ഒടുവില്‍ ഒന്നിച്ചു ചെയ്ത സിനിമ കിംഗ് ലയര്‍ ആണ്. അതില്‍ ഞാന്‍ കഥയെഴുതി, ലാല്‍ സംവിധാനം ചെയ്തു. ആ സിനിമ ഉണ്ടായത് ഔസേപ്പച്ചന്‍ എന്ന പ്രൊഡ്യൂസറുടെ ബുദ്ധിയാണ്. അദ്ദേഹം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് കിംഗ് ലയര്‍ ചെയ്തതെന്ന് സിദ്ദിഖ് പറഞ്ഞു.

‘പഴയ പോപ്പുലാരിറ്റിയെ കാഷ് ചെയ്യാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോള്‍ സിനിമ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മിസ് ചെയ്യാറുമില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്,’ സിദ്ദിഖ് പറഞ്ഞു.

റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക്. രണ്ടുപേരും ചേര്‍ന്നാലേ സിനിമ പൂര്‍ണ്ണമാകൂ എന്ന് പ്രേക്ഷകന് പറയാം. സിനിമ നല്ലതോ മോശമോ എന്ന് പറയാനുള്ള അവകാശം അത് കാണുന്ന പ്രേക്ഷകനുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

മലയാളത്തിന് ശേഷം തമിഴിലും ഹിന്ദിയിലും ബോഡിഗാര്‍ഡ് ചെയ്‌തെങ്കിലും മറ്റു ഭാഷകളിലെ റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും മാറി നിന്നതിനെ കുറിച്ചും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു.

‘ബോഡിഗാര്‍ഡ് തമിഴും ഹിന്ദിയും ഹിറ്റായപ്പോള്‍ തെലുങ്കിലും കന്നടയിലും ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. സ്‌നേഹപൂര്‍വ്വം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പലതായിട്ടാണ് എടുത്തതെങ്കിലും മൂന്ന് തവണ ഒരു ചിത്രമെടുത്തു. പിന്നെയും അതുതന്നെ ചെയ്യുന്നത് നമ്മുടെ വളര്‍ച്ചയ്ക്ക് നമ്മള്‍ തന്നെ തടയിടുന്നത് പോലെയാണ്. 5 കൊല്ലം ഒരേ കഥയില്‍ കിടന്ന് കുരുങ്ങും. അന്ന് അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് നല്ല പ്രതിഫലം കിട്ടുമായിരുന്നു. പക്ഷെ പൈസയേക്കാളുപരി എന്റെ സന്തോഷമാണ് പ്രധാനം,’ സിദ്ദിഖ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Siddique about Body Guard movie