ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കൊത്ത് റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഏറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോംബോയാണ് മോഹന്‍ലാല്‍-സിബി മലയില്‍. ഈ കോംബോയില്‍ നിന്നുണ്ടായ ഒരു മികച്ച സിനിമയാണ് ദശരഥം. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ നിരൂപകര്‍ ഈ ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. മോഹന്‍ലാലായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രമായ രാജീവനെ അവതരിപ്പിച്ചിരുന്നത്.
ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണം മോഹന്‍ലാലിന്റെ പിന്തുണ ഇല്ലാത്തതാണെന്ന് തുറന്നുപറയുകയാണിപ്പോള്‍ സംവിധായകന്‍ സിബി മലയില്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്കേറ്റവും കൂടുതല്‍ നഷ്ട്‌ബോധമുണ്ടാക്കിയതും ചെയ്യണം എന്ന് ആഗ്രഹിച്ചതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി നിരവധി പേര്‍ എന്നെ സമീപിച്ചിട്ടുണ്ട്. ദശരഥത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ ഹേമന്ത് കുമാര്‍ എഴുതിയ കഥയാണ് ഇതില്‍ എനിക്കിഷ്ട്ടപ്പെട്ടതും ചെയ്യണമെന്ന് ആഗ്രഹിച്ചതും.
അത് സാധാരണ ഒരു രണ്ടാം ഭാഗത്തിന്റെ കഥ പോലെ ആയിരുന്നില്ല. സിനിമയിലെ കഥാപാത്രമായ രാജീവന്‍ താന്‍ മുന്‍പ് ചെയ്ത ശരിതെറ്റുകളെ വിലയിരുത്തുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന പുതിയ ബോധ്യങ്ങളായിരുന്നു ആ കഥയിലുണ്ടായിരുന്നത്. അത്തരത്തിലൊരു രണ്ടാം ഭാഗം ഒരു സിനിമക്കും സംഭവിച്ചിട്ടില്ല,’ സിബി മലയില്‍ പറഞ്ഞു.