ഫഹദിനും ദുല്‍ഖറിനുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, എന്നാല്‍ അവരുംകൂടി വിചാരിക്കണം: ഷാജി കൈലാസ്
Entertainment news
ഫഹദിനും ദുല്‍ഖറിനുമൊപ്പം സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്, എന്നാല്‍ അവരുംകൂടി വിചാരിക്കണം: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th December 2022, 2:01 pm

യുവതാരങ്ങള്‍ക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യണമെങ്കില്‍ ആവരും കൂടി വിചാരിക്കണമെന്നും, അവരോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുക ആണെന്നും സംവിധായകന്‍ ഷാജി കൈലാസ്. ഫഹദിനും ദുല്‍ഖറിനുമൊക്കെ നന്നായി ആക്ഷന്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പുതിയ തലമുറയിലെ ഫഹദ്, ദുല്‍ഖര്‍ പോലെയുള്ള പിള്ളേര്‍ക്ക് ആക്ഷന്‍ സിനിമ ചെയ്യണമെങ്കില്‍ അവരുംകൂടി വിചാരിക്കണം. അല്ലാതെ ഒരിക്കലും നടക്കില്ലല്ലോ. അത്തരത്തില്‍ അവരും ആഗ്രഹിച്ച് മുമ്പോട്ട് വരുകയാണെങ്കില്‍ നമുക്ക് ഒരുമിച്ച് നല്ല ആക്ഷന്‍ സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കും.

 

അവര്‍ക്കൊക്കെ നന്നായി കോമഡിയും ആക്ഷനുമൊക്കെ കൈകാര്യം ചെയ്യാന്‍ അറിയാം. നമ്മുടെ സിനിമയിലെ യുവ തലമുറ അടിപൊളിയാണ്. എന്റെ ഒന്നും കയ്യില്‍ അവരെ കിട്ടിയില്ല എന്നേയുള്ളു.

അവരെയൊക്കെ കയ്യില്‍ കിട്ടാന്‍ വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണിപ്പോള്‍. ചെയ്യാനുള്ള കഥയൊന്നും തയാറായിട്ടില്ല. പക്ഷെ അവരെയൊക്കെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

ഫഹദിനെ സംബന്ധിച്ചിടത്തോളം ആക്ഷന്‍ സിനിമകള്‍ക്ക് വേണ്ട ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള സീനൊക്ക തമിഴില്‍ നന്നായിട്ട് ഫഹദ് ചെയ്തത് നമ്മള്‍ കണ്ടതാണല്ലോ. അതു പോലെ തന്നെ മനോഹരമായി തെലുങ്കിലും ഫഹദിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

അതുമാത്രമല്ല നന്നായിട്ട് ഹ്യൂമര്‍ ചെയ്യാന്‍ അറിയാവുന്ന ആളുമാണ്. സത്യേട്ടന്റെ സിനിമയിലൊക്കെ ഫഹദിന്റെ അത്തരത്തിലുള്ള പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണല്ലോ. നല്ല വഴക്കമുള്ള നടനാണ് അയാള്‍. അതുപോലെ നന്നായി ഹ്യൂമറും ആക്ഷനും കൈകാര്യം ചെയ്യാന്‍ ദുല്‍ഖറിനുമറിയാം,’ ഷാജി കൈലാസ് പറഞ്ഞു.

അതേസമയം പുതിയ തലമുറയിലെ സംവിധായകരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ ആശയങ്ങള്‍ കയ്യിലുള്ളവരാണ് ഇപ്പോഴത്തെ കുട്ടികളെന്നും, അവര്‍ക്ക് സിനിമ ചെയ്യാന്‍ പുസ്തകങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

‘അതുപോലെ തന്നെ പറയാനുള്ള ഒരു കാര്യം ഇപ്പോഴത്തെ ചെറുപ്പക്കരെല്ലാം മിടുക്കരാണ്. എന്റെ അസിസ്റ്റന്റായി വരുന്ന കുട്ടികളടക്കം നന്നായി കഷ്ടപ്പെടുന്നുണ്ട്. അവരിലൂടെ സിനിമക്ക് ഒരുപാട് മാറ്റം വരാന്‍ സാധ്യതയുണ്ട്. അത് എനിക്ക് നന്നായി ഫീല്‍ ചെയ്യുന്നുമുണ്ട്.

പുതിയ പുതിയ ആശയങ്ങളുള്ള കുട്ടികളാണ് ഇപ്പോഴത്തേത്. അവര്‍ക്ക് കൃത്യമായി കഥ തെരഞ്ഞെടുക്കാന്‍ അറിയാം. കഥ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് പുസ്തകങ്ങളുടെ ആവശ്യമൊന്നുമില്ല,’ ഷാജി കൈലാസ് പറഞ്ഞു.

content highlight: director shaji kailas talks about dulquer salman and fahad fasil