Entertainment news
പ്രേം നസീറിനെ വേണ്ടാത്തത് കൊണ്ടല്ലല്ലോ നമ്മള്‍ ലാലിനെ വെച്ച് സിനിമയെടുക്കുന്നത്; ആ സിനിമയുടെ സെറ്റില്‍വെച്ചാണ് അദ്ദേഹം എന്നെ ഇറക്കിവിട്ടത്: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 20, 10:30 am
Monday, 20th March 2023, 4:00 pm

സംവിധായകന്‍ പ്രിയദര്‍ശനും ഗായകന്‍ യേശുദാസും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് യേശുദാസ് പ്രിയന്റെ ചിത്രങ്ങളില്‍ പാടാത്തതെന്നും തുടങ്ങി പലതരത്തിലുള്ള ചര്‍ച്ചകള്‍ മലയാള സിനിമയില്‍ എക്കാലവും നിലനില്‍ക്കുന്നുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍. തങ്ങള്‍ക്കിടയില്‍ അത്തരത്തിലൊരു പ്രശ്‌നമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

എം.ജി ശ്രീകുമാറിന് അവസരം നല്‍കാനാണ് യേശുദാസിനെ ഒഴിവാക്കിയതെന്ന തരത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. ശ്രീകുമാര്‍ തന്റെ അടുത്ത സുഹൃത്താണെന്നും അയാളുടെ കഴിവ് അറിയാവുന്നതുകൊണ്ടാണ് സിനിമയില്‍ പാടിച്ചതെന്നും പ്രിയന്‍ പറഞ്ഞു. യേശുദാസുമായി മുമ്പുണ്ടായിരുന്ന ഒരു പ്രശ്‌നത്തെ കുറിച്ചും അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ മലയാള സിനിമയില്‍ കേട്ട പാട്ട് ദാസേട്ടന്റെയാണ്. എന്റെ ആദ്യ സിനിമയിലൊക്കെ പാടിയതും അദ്ദേഹം തന്നെയാണ്. ശരിക്കും അതൊരു ചെറിയ സംഭവമാണ്. ബോയിങ് ബോയിങ് എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് എന്നെ അദ്ദേഹം ഇറക്കി വിട്ടു. എന്നോട് അവിടെ നിന്നും ഇറങ്ങി പോകാന്‍ പറഞ്ഞു. അത് മനപൂര്‍വമൊന്നും അദ്ദേഹം ചെയ്ത കാര്യമല്ല.

അതുകൊണ്ട് ദാസേട്ടനോട് എനിക്ക് ജീവിതകാലം മുഴുവന്‍ പ്രശ്‌നമുണ്ടെന്നൊന്നും പറയാന്‍ സാധിക്കില്ല. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ആ സംഭവത്തിന് ശേഷം എനിക്ക് അദ്ദേഹത്തിനോട് തോന്നിയ വൈരാഗ്യമോ ഒന്നും കൊണ്ടല്ല എം.ജി ശ്രീകുമാര്‍ വളര്‍ന്നുവന്നത്.

 

പ്രേം നസീറിനെ വേണ്ടാത്തത് കൊണ്ടല്ലല്ലോ നമ്മള്‍ ലാലിനെ വെച്ച് സിനിമയെടുക്കുന്നത്. അതുപോലെ തന്നെയാണ് ശ്രീക്കുട്ടന്റെ കാര്യവും. ഞങ്ങളൊക്കെ ഒരുമിച്ച് കളിച്ചുവളര്‍ന്ന കൂട്ടുകാരായതുകൊണ്ട്, അവന്റെ പൊട്ടന്‍ഷ്യലൊക്കെ എത്രയാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ അവനെ എന്റെ സിനിമയില്‍ പാടിച്ചത്. ചിത്രം എന്ന സിനിമ കഴിഞ്ഞതിന് ശേഷമാണ് ദാസേട്ടന്‍ എന്റെ സിനിമകളില്‍ അധികം പാടായതായത്.

ആ സമയം ആയപ്പോഴേക്കും ശ്രീക്കുട്ടന്‍ ഒരു പോപ്പുലര്‍ സിംഗറായിരുന്നു. പക്ഷെ പലര്‍ക്കും അറിയില്ലാത്ത ഒരു കാര്യമുണ്ട് വിജയ് യേശുദാസ് എന്ന ദാസേട്ടന്റെ മകന്‍ ഹിന്ദിയില്‍ പാടിയിരിക്കുന്ന പാട്ടുകളെല്ലാം എന്റേതാണ്. ദാസേട്ടനുമായിട്ട് ഒരു പ്രശ്‌നമുള്ളതുകൊണ്ടല്ല ദാസേട്ടന്‍ എന്റെ സിനിമയില്‍ പാടാത്തത്. ആ സംഭവത്തിന് ശേഷം മേഘം എന്ന എന്റെ സിനിമയില്‍ അദ്ദേഹം പാടിയിരുന്നു,’ പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: director priyadarshan about kj yesudas